കുവൈത്ത് സിറ്റി: ഇന്ത്യൻ നാവിക കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണം ശനിയാഴ്ച കുവൈത്തിലെത്തും. ശനി, ഞായർ ദിവസങ്ങളിൽ കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് കപ്പൽ നങ്കൂരമിടും. രണ്ടു ദിവസങ്ങളിലും കുവൈത്തിലെ ഇന്ത്യൻ കമ്യൂണിറ്റി അംഗങ്ങൾക്ക് കപ്പൽ സന്ദർശിക്കാനുള്ള അവസരം ഉണ്ടാകും. രണ്ടുദിവസവും വൈകീട്ട് ആറുമുതൽ ഏഴുവരെയാണ് സന്ദർശന സമയം. ഇതിനായി ഓൺലൈനായി നേരത്തെ അപേക്ഷ സ്വീകരിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിട്ടുണ്ട്.
2021 നവംബറില്‍ കമീഷൻ ചെയ്യപ്പെട്ട ഐ.എൻ.എസ് വിശാഖപട്ടണം ഇന്ത്യൻ നേവിയുടെ അഭിമാനകരമായ സംരംഭങ്ങളിലൊന്നാണ്. ശത്രുക്കളുടെ റഡാറുകളെ വെട്ടിച്ച് പോവാൻ കഴിവുള്ള മിസൈൽ വഹിക്കുന്ന കപ്പലാണ് ഐ.എൻ.എസ് വിശാഖപട്ടണം. 163 മീറ്റർ നീളവും 7000 ടൺ ഭാരവുമുള്ള കപ്പലിൽ ബ്രഹ്മോസ് അടക്കം അത്യാധുനിക മിസൈലുകൾ ഘടിപ്പിക്കാം. രണ്ട് ഹെലികോപ്ടറുകളെ വഹിക്കാനുമാകും.രാസ, ആണവ ആക്രമണം നടന്ന അന്തരീക്ഷത്തിലും ഐ.എൻ.എസ് വിശാഖ പട്ടണം പ്രവർത്തിക്കും. ഈ മാസം ആദ്യം ഒമാനിലും കപ്പൽ എത്തിയിരുന്നു. ഒമാനി മസ്കത്ത് തീരത്താണ് കപ്പൽ എത്തിയത്.