ഇലാദോ: കൊലപാതകക്കേസ് പ്രതിയായ പിതാവ് തട്ടിക്കൊണ്ട് പോയതെന്ന സംശയിക്കുന്ന പത്ത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ചയാണ് അമേരിക്കയിലെ ഇലാദോയിൽ നിന്ന് പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. സെക്കീ ബെസ്റ്റ് എന്ന പത്ത് വയസുകാരിയെ പിതാവായ ജെറമി ആൽബർട്ട് എന്ന 48കാരന്‍ തട്ടിക്കൊണ്ട് പോയെന്നായിരുന്നു പോലീസ് പ്രതികരണം. 38കാരിയായ സെക്കീയുടെ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇവരെ കൊലപ്പെടുത്തിയത് ജെറമിയാണെന്നാണ് പോലീസ് കണ്ടത്തൽ. നേരത്തെ പൊതുവിടങ്ങളിൽ വസ്ത്രം ധരിക്കാതെ വന്നതിന് പിന്നാലെ ജെറമിയെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പ്രഥമിക പരിശോധന കഴിഞ്ഞ് ഇയാളെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് 38കാരിയായ കലി ജീന്‍നെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രിയാണ് കലി ജീനിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ കാണാതായ കുഞ്ഞിനായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. എന്നാൽ രണ്ട് ദിവസം നീണ്ട തെരച്ചിൽ ശനിയാഴ്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ അവസാനിപ്പിക്കുകയായിരുന്നു. റോഡ് സൈഡിലായി പിതാവിന്റെ സമീപത്ത് നിന്നാണ് സെക്കീയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നഗ്നനായി വഴിയരികിലിരുന്ന് പരസ്പരബന്ധമില്ലാതെ സംസാരിക്കുന്നയാളെ കണ്ടെത്തിയെന്ന് ഇതുവഴി പോയ വേട്ടക്കാരാണ് പോലീസിന് വിവരം നൽകിയത്. ഇയാൾ കിടന്നിരുന്ന സ്ലീപ്പിംഗ് ബാഗ് പരിശോധിച്ചപ്പോഴാണ് 10 മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം ഇനിയും വ്യക്തമായിട്ടില്ല.