ന്യൂഡൽഹി: പത്തുവയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ച വനിതാപൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ നടുറോഡിലിട്ട് തല്ലിച്ചതച്ചിരുന്നു. ഡൽഹി ദ്വാരകയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ദമ്പതികളെ മർദിച്ചത്. കൗശിക് ബാഗ്ചി (36), ഭാര്യ പൂർണിമ ബാഗ്ചി (33) എന്നിവർക്കാണ് മർദനമേറ്റത്. മർദനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു.
ഇതിന് പിന്നാലെ ദമ്പതികൾക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധിയിൽപ്പെട്ടെന്നും വനിതാ പൈലറ്റിനെ ജോലിയിൽ മാറ്റി നിർത്തിയെന്നും ഇൻഡിഗോ എയർലൈൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തിൽ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തിയെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.