ജയ്പുര്‍: സഹോദരിയെ പ്രണയിച്ചുവെന്നാരോപിച്ച് സഹോദരനും സുഹൃത്തും ചേര്‍ന്ന് ആക്രമിച്ച 16കാരന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് 16കാരന്‍റെ മരണം. രാജസ്ഥാനിലെ ബരന്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഫര്‍ഹാന്‍, സാഹില്‍ എന്നിവരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വീടിന് സമീപത്തുകൂടെ നടന്നുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പെണ്‍കുട്ടിയുടെ സഹോദരനായ ഫര്‍ഹാനും സുഹൃത്തായ സാഹിലും ചേര്‍ന്ന് കൗമാരക്കാരനെ ആക്രമിച്ചത്. ആക്രമണത്തിനിടയില്‍ ഫര്‍ഹാന്‍ കത്തികൊണ്ട് 16കാരനെ കുത്തുകയായിരുന്നു. കുത്തേറ്റ് 16കാരന്‍ വീണതോടെ ഇരുവരും സ്ഥലത്തുനിന്നും രക്ഷപെട്ടു. കൗമാരക്കാരനെ ആദ്യം സമീപത്തെ ആശുപത്രിയിലാണ് എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയിലെ എം.ബി.എസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് 16കാരന്‍ മരിച്ചത്.
16കാരനും ഫര്‍ഹാന്‍റെ സഹോദരിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. കൗമാരക്കാരന്‍ പെണ്‍കുട്ടിക്ക് ഗിഫ്റ്റ് സമ്മാനിച്ചിരുന്നു. വീട്ടിലെത്തിയപ്പോള്‍ ഗിഫ്റ്റ് കണ്ട പെണ്‍കുട്ടിയുടെ സഹോദരന്‍ ഫര്‍ഹാന്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് സംശയിച്ചു. പെണ്‍കുട്ടിയുമായി കൗമാരക്കാരന്‍ പ്രണയത്തിലാണെന്ന് വിശ്വസിച്ച് ഫര്‍ഹാന്‍ ആക്രമണത്തിന് മുതിരുകയായിരുന്നു. സുഹൃത്തിനെയും കൂട്ടി 16കാരന്‍റെ വീടിന് സമീപമെത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് ഇരുവരെയും നേരത്തെ തന്നെ പിടികൂടിയിരുന്നു. കൊലപാതക ശ്രമത്തിനെടുത്ത കേസ് 16കാരന്‍ കൊല്ലപ്പെട്ടതോടെ കൊലപാതക കേസ് ആക്കി തുടര്‍നടപടി സ്വീകരിക്കുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.