ഉത്തര്‍പ്രദേശ് : ഓട് മേഞ്ഞ വീടിന്‍റെ മേൽക്കൂരയ്ക്ക് തീപിടിച്ച് 3 വയസുകാരി വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കൗശാംബിയിലാണ് സംഭവം. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന കുട്ടിയുടെ മേൽ മേൽക്കൂര വീഴുകയായിരുന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന അവശ്യസാധനങ്ങളും പണവും കത്തിനശിച്ചു. ബഹദൂർപൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംബാബുവിന്‍റെ ഓട് മേഞ്ഞ വീട്ടിലാണ് തീപിടിത്തമുണ്ടായത്.
രാംബാബുവിന്‍റെ മൂന്ന് വയസുകാരിയായ മകൾ നന്ദിനി ഉള്ളിൽ ഉറങ്ങുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അയൽവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു. ഇതിനിടയിൽ മേൽക്കൂര നന്ദിനിയുടെ മുകളിലേക്ക് വീണു. തീ നിയന്ത്രണവിധേയമായപ്പോഴേക്കും പെൺകുട്ടിയും സമീപത്ത് കെട്ടിയിട്ടിരുന്ന പശുവും വെന്തുമരിച്ചു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. അതേസമയം തീപിടുത്തത്തിന്‍റെ കാരണം ഇതുവരെ അറിവായിട്ടില്ല.