കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബിജെപി എംഎൽഎ അമർനാഥ് സാഖ. സംസ്ഥാനത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സിപിഎമ്മിനെ പ്രതിരോധിക്കുന്നതിന് പകരം സോഷ്യൽ മീഡിയ റീലുകളിലൂടെ ഫോളോവേഴ്‌സിനെ കൂട്ടാനാണ് നേതാക്കൾ സമയം കണ്ടെത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കുറ ജില്ലയിലെ ഒൻഡ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ അമർനാഥ് സാഖ, പാർട്ടിക്കുള്ളിൽ നടക്കുന്ന തെറ്റായ കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി. സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഇടത് മുന്നണി സർക്കാരിനെതിരെ പ്രചാരണം നടത്തുമ്പോൾ അതിനെ പ്രതിരോധിക്കാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളാരും ശബ്ദമുയർത്തുന്നില്ലെന്ന് അമർനാഥ് സാഖ കുറ്റപ്പെടുത്തി. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെ സ്വന്തം പ്രശസ്തിക്കായി മാത്രം നേതാക്കൾ ഓടിനടക്കുകയാണ്. ഇടത് പക്ഷത്തിന്‍റെ പ്രവർത്തനങ്ങൾക്ക് മറുപടി നൽകാനോ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനോ ആരും തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംസ്ഥാനത്തെ ചില നേതാക്കൾ വ്യക്തിപരമായ നേട്ടങ്ങളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു- “സ്വന്തം വയറു നിറഞ്ഞാൽ മാത്രം മതി, പാർട്ടി നശിച്ചാലും കുഴപ്പമില്ലെന്ന മനോഭാവമാണ് പലർക്കും ഉള്ളത്. പണം സമ്പാദിക്കുക എന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം” എന്നാണ് എംഎൽഎയുടെ വിമർശനം. നേതാക്കളുടെ ഇത്തരം നിലപാടുകൾ പാർട്ടിക്ക് വലിയ രീതിയിൽ തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.






























