തിരുവനന്തപുരം: മദ്യപിച്ച് ലക്ക് കെട്ട് റോഡരികിൽ കിടന്ന യുവാവിന്റെ ദേഹത്തേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. ഇന്ന് പുലർച്ചെ അഞ്ചരയോടെ തിരുവനന്തപുരം വെള്ളായണി മുകലൂർമൂല ആണ് സംഭവം. വെള്ളായണി മുകളൂർമൂല മണലിയിൽ വീട്ടിൽ സിജി (44) ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് വന്ന കാർ മദ്യപിച്ച് റോഡിൽ കിടക്കുകയായിരുന്ന സിജിയുടെ ദേഹത്തേക്ക് പാഞ്ഞ് കയറുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് ഒരു യുവതി ആയിരുന്നു. അപകടം നടന്ന ഉടൻ യുവതി കാർ നിർത്തി ആളുകളെ അറിയിച്ചു.
നാട്ടുകാർ ഓടിയെത്തി നോക്കുമ്പോൾ കാറിന് അടിയിൽ ഒരു കാൽ ആക്സിലിനും വീലിനും ഇടയിൽപ്പേട്ട നിലയിൽ ആയിരുന്നു സിജി. ഉടൻ തന്നെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ ചെങ്കൽചൂള ഫയർഫോഴ്സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാർ ഉയർത്തിയെങ്കിലും കാൽ പുറത്തെടുക്കുക വളരെ പ്രയാസമേറിയതായിരുന്നു. ഹൈഡ്രോളിക് സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അപകടത്തിൽപ്പെട്ട ആൾക്ക് കൂടുതൽ പരിക്ക് ഉണ്ടാക്കും എന്നതിനാൽ കാറിന്‍റെ വീൽ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്സിൽ നുള്ളിൽ കുടുങ്ങി പോയ കാൽ ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ മോചിപ്പിച്ചത്. തുടർന്ന് സിജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.