മലപ്പുറം: സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിക്കു ഗുരുതര പരുക്കേറ്റ സംഭവത്തിൽ കേസെടുത്ത് പോലീസ്. കണ്ടാലറിയുന്ന പത്തുപേർക്കെതിരെയാണു കേസെടുത്തിരിക്കുന്നത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാനനിൽ നിന്നു വിവരങ്ങൾ ശേഖരിച്ച ശേഷമാണ് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എടപ്പാൾ ടൗണില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്സില്‍ സ്ഥാപിക്കാനുള്ള ഇലക്ട്രിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിട സാമഗ്രികളുടെ ലോഡ് ഇറക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സിഐടിയു അക്രമത്തിലേക്ക് നയിച്ചത്. രാത്രി ലോഡ് എത്തിയപ്പോള്‍ ഇറക്കുന്നതിനായി സിഐടിയു തൊഴിലാളികള്‍ ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. ഈ സമയത്ത് കരാറുകാരനായ സുരേഷ് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാമഗ്രികള്‍ ഇറക്കി.
മർദനത്തിൽനിന്നു രക്ഷപ്പെടാൻ മുകളിലേക്ക് ഓടിയ ഫയാസ്, പിന്നാലെ അക്രമിസംഘം വരുന്നുണ്ടെന്ന പരിഭ്രാന്തിയിൽ പെയിന്റിങ്ങിനായി കെട്ടിയ കമ്പിയിൽ പിടിച്ച് ഊഴ്ന്നിറങ്ങി അടുത്ത കെട്ടിടത്തിലേക്കു ചാടുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്കു പതിച്ചെങ്കിലും ഇരുകാലുകൾക്കും ഗുരുതര പരുക്കേറ്റു. ഫയാസിന്റെ കരച്ചിൽ കേട്ട് എത്തിയ മറ്റ് തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. അതിനിടെ സിഐടിയു തൊഴിലാളികൾ ഭീഷണിപ്പെടുത്തി എന്ന വാർത്ത തെറ്റാണെന്നു സിഐടിയു മലപ്പുറം ജില്ലാ പ്രസിഡന്റ് എംബി ഫൈസൽ പറഞ്ഞു. നിയമപരമായി തൊഴിലെടുക്കാൻ അവകാശപ്പെട്ടവരാണു സിഐടിയു തൊഴിലാളികളെന്നും അവരെടുക്കുന്ന തൊഴിൽ നിയമവിരുദ്ധമായി എടുക്കുന്നതു ശരിയല്ലെന്നും പറയുന്നതിനു വേണ്ടിയാണു സിഐടിയു തൊഴിലാളികൾ സംഭവസ്ഥലത്തെത്തിയത്. കെട്ടിട ഉടമയുമായും മറ്റും സംസാരിച്ച് ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.