മാനന്തവാടി (വയനാട്) : സ്വകാര്യബസ് തടഞ്ഞുനിര്‍ത്തി 1.40 കോടി രൂപ കവര്‍ന്ന കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. സി. സുജിത്ത് (28), ജോബിഷ് ജോസഫ് (23), ശ്രീജിത്ത് വിജയന്‍ (25), സക്കീര്‍ ഹുസൈന്‍ (38), കെ.വി. ജംഷീദ് (37), എം.എന്‍. മന്‍സൂര്‍ (30), ടി.കെ. ഷഫീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ആദ്യ നാലുപ്രതികളെ വെള്ളിയാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയില്‍ നിന്നും മറ്റു മൂന്നുപേരെ ഞായറാഴ്ച അവരവരുടെ നാട്ടില്‍നിന്നും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
സംഭവത്തില്‍ ഇനിയും ചിലരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ചെ 3.45-നാണ് കേസിനാസ്പദമായ സംഭവം. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യബസിലെ യാത്രക്കാരനായ മലപ്പുറം സ്വദേശിയാണ് കവര്‍ച്ചയ്ക്കിരയായത്. 1.40 കോടി രൂപ കവര്‍ന്നെന്നാണ് ഇദ്ദേഹം പോലീസില്‍ നല്‍കിയ പരാതി.
തോല്‌പെട്ടി ചെക്ക്പോസ്റ്റ് വഴി വന്ന ബസ് തിരുനെല്ലി- തെറ്റ്റോഡ് കവലയിലെത്തിയപ്പോള്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച ചെയ്ത് സംഘം മടങ്ങുകയായിരുന്നു. കഴിഞ്ഞ 12-നാണ് തിരുനെല്ലി പോലീസില്‍ പരാതി ലഭിച്ചത്. ഉടന്‍തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. പ്രതികളെ മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്)റിമാന്‍ഡ് ചെയ്തു.