പത്തനംതിട്ട : ഇസ്രയേലിലേക്കും ഇറ്റലിയിലേക്കും ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ റാന്നിയിലെ റിക്രൂട്ട്മെന്‍റ് സ്ഥാപനത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് മുന്നിൽ കൂട്ടപ്പരാതി. പണം നഷ്ടമായ 10 പേരാണ് ഇന്നലെ പത്തനംതിട്ട എസ്പി ഓഫിസിൽ വീണ്ടും പരാതി നൽകിയത്. ഇവരിൽ നി ന്നു 40 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കേസിൽ 12 പരാതിക്കാരാണ് ആകെയുള്ളത്. റാന്നി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന റിക്രൂട്ട്മെന്‍റ് സ്ഥാപന ഉടമ ജോമോൻ ടി.
ജോണിനെതിരെയാണ് ലക്ഷങ്ങൾ തട്ടിപ്പു നടത്തിയെന്ന് നേരത്തെ പരാതിയുയർന്നത്. വ്യാജ നിയമന കത്തും വ്യാജ വീസയും നൽകിയാണ് ഇയാൾ പരാതിക്കാരെ കബളിപ്പിച്ചത്. തട്ടിപ്പ് കേസിൽ ഇയാൾ മുൻപ് അറസ്റ്റിലായെങ്കിലും റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങി. ഇപ്പോൾ പ്രതി ഒളിവിലാണെന്നാണു പോലീസ് പറയുന്നത്.
എസ്‌പി ഓഫിസിൽ നൽകിയ പരാതി റാന്നി ഡിവൈഎസ്‌പിക്ക് കൈമാറി. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. 50,000 രൂപ മുതൽ 15 ലക്ഷം വരെ നഷ്ടപ്പെട്ടവർ ഉണ്ട്. ഇവരിൽ ചിലർക്ക് പണം തിരികെ നൽകാമെന്നു പറഞ്ഞ് ചെക്ക് നൽകി കബളിപ്പിച്ചെന്നും ആരോപണമുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, പത്തനംതിട്ട സ്വദേശികളാണ് പരാതിക്കാർ. ഇതിൽ കോട്ടയം സ്വദേശിയായ റാണിയിൽ നിന്ന് പതിനഞ്ച് ലക്ഷവും എറണാകുളം സ്വദേശി ഷൈനിയുടേയും ഭർത്താവ് പ്രിൻസിന്റെയും 12 ലക്ഷം രൂപയും മറ്റുള്ളവരിൽ നിന്ന് ഒന്നും രണ്ടും ലക്ഷം രൂപയുമാണു കൈപ്പറ്റിയിരിക്കുന്നതെന്നും പരാതിക്കാർ പറഞ്ഞു.