മലപ്പുറം: ഓഹരി വിപണിയിൽ നിക്ഷേപം നടത്തി പണം നേടാൻ സഹായിക്കാമെന്ന പേരിൽ പരസ്യം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി മുഹമ്മദ് മുജ്‌തബയാണ് പിടിയിലായത്. മലപ്പുറം സൈബര്‍ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫെയ്‌സ്ബുക്കിൽ വ്യാജ പരസ്യം നൽകിയാണ് പ്രതി ആളുകളെ പറ്റിച്ചത്. പണം തട്ടിയ സംഭവത്തിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. ഫേസ്ബുക്കിൽ കണ്ട Black Rock Angel One എന്ന സ്റ്റോക്ക് ഇൻവെസ്റ്റ്മെന്റ് പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ കയറിയ ആളാണ് പറ്റിക്കപ്പെട്ടത്.
വേങ്ങര വലിയോറ പുത്തനങ്ങാടി സ്വദേശിയിൽ നിന്ന് പ്രതികൾ 1,08,02,022 രൂപയാണ് തട്ടിയെടുത്തത്. സ്റ്റോക് ട്രേഡിങിനെന്ന പേരിൽ വേങ്ങര സ്വദേശിയിൽ നിന്ന് പലതവണകളായാണ് പ്രതികൾ പണം അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിച്ചത്. തട്ടിപ്പാണെന്ന് മനസിലായതോടെ തട്ടിപ്പിന് ഇരയായ ആൾ വേങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വേങ്ങര പോലീസ് ഐപിസി 420, ഐടി നിയമത്തിലെ 66 ഡി വകുപ്പുകൾ ചേര്‍ത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. മലപ്പുറം സൈബർ ക്രൈം പോലീസ് കാസര്‍കോട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.