ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹം കഴിക്കാനെത്തിയ ദലിത് ദമ്പതികൾക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ച പൂജാരിക്കെതിരെ കേസ്. ഉത്തരാഖണ്ഡിലെ പൗരി ഗർവാളിലാണ് സംഭവം. ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് വധുവിന്‍റെ പിതാവ് മാർച്ച് 12 ന് പരാതി നൽകിയതിനെത്തുടർന്ന് എസ്‌സി/എസ്ടി അതിക്രമങ്ങൾ തടയൽ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി മണിയാർസ്യുൻ പ്രദേശത്തെ റവന്യൂ പോലീസ് പറഞ്ഞു. അങ്കിത-അജയ് ദമ്പതികൾക്കാണ് ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചത്. സംഗുഡ സെറ ഗ്രാമത്തിലെ ആദിശക്തി മാ ഭുവനേശ്വരി ക്ഷേത്രത്തിലാണ് സംഭവം.
മാർച്ച് 5 ന് രാവിലെ ദമ്പതികൾ സമീപിച്ചപ്പോൾ പുരോഹിതൻ നാഗേന്ദ്ര സെൽവാൾ ജാതീയമായി അധിക്ഷേപിച്ചതായി സബ് ഇൻസ്പെക്ടർ രാകേഷ് ബിഷ്ത് പറഞ്ഞു. അങ്കിതയ്ക്കും അജയ്യ്ക്കും കൃത്യസമയത്ത് വിവാഹം കഴിക്കാൻ കഴിയാത്തതിനാൽ പ്രദേശത്തെ ആളുകൾക്ക് ഇടപെടേണ്ടി വന്നുവെന്ന് ബിഷ്ത് പറഞ്ഞു. “പ്രദേശത്തുള്ള ഒരാൾ എന്നെ വിളിച്ച് ക്ഷേത്രത്തിന്‍റെ വാതിലുകൾ കൊട്ടിയടച്ചുവെന്നും ജാതി പറഞ്ഞ് ദമ്പതികൾക്ക് പ്രവേശനം നിഷേധിച്ചെന്നും പറഞ്ഞു. ഞാൻ സെൽവാളിനെ വിളിച്ച് അവരെ അകത്തേക്ക് കടത്തിവിടാൻ ആവശ്യപ്പെട്ടു,” എസ്‌ഐ പറഞ്ഞു.