ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. ഓഗസ്റ്റ് 30 ന് വള്ളംകളി നടത്താനുള്ള അനുമതിക്കായി നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി സർക്കാരിന് കത്ത് നൽകി. ആലപ്പുഴയുടെ ഹൃദയവികാരമായ നെഹ്‌റു ട്രോഫി വള്ളംകളി 1954 മുതൽ ഓഗസ്റ്റ് മാസം രണ്ടാം ശനിയാഴ്ചയാണ് നടത്തുന്നത്. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തെ തുടർന്ന് മാറ്റിവെച്ച വള്ളംകളി സെപ്റ്റംബർ 7 നാണ് നടന്നത്. ഇങ്ങനെ പല തവണയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായ ശേഷം മത്സര തിയ്യതി മാറ്റേണ്ടി വരുമ്പോൾ ലക്ഷങ്ങളുടെ നഷ്ടം ഓരോ ക്ലബ്ബുകൾക്കും ഉണ്ടാകുന്നു. ഇതോടെയാണ് തിയ്യതി മാറ്റം എന്ന ആവശ്യത്തിലേക്ക് എത്തിയത്.
ഓഗസ്റ്റ് 30 ന് നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ ആൻ ടി ബി ആർ സൊസൈറ്റി എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും അനുമതി കൂടി ലഭിച്ച ശേഷമാകും തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിക്ക് ബോണസ് തുകയായി സർക്കാർ നൽകുന്നത് ഒരു കോടി രൂപയാണ്. ഈ തുക ഉയർത്തണമെന്ന കാലങ്ങൾ ആയുള്ള ആവശ്യം അംഗീകരിക്കണമെന്നും ക്ലബ്ബുകൾ ആവശ്യപ്പെടുന്നു. ഇത്തവണത്തെ മത്സരത്തിനുള്ള ക്ലബ്ബുകളുടെ തയ്യാറെടുപ്പുകൾ ഇതിനോടകം ആരംഭിച്ചു. ഭൂരിഭാഗം ക്ലബ്ബുകളും വള്ള സമിതികളുമായി എഗ്രിമെന്റ് വെച്ചു. തുഴക്കാരെ തെരഞ്ഞെടുത്തു. കഴിഞ്ഞ തവണ കാരിച്ചാൽ ചുണ്ടനിൽ തുഴഞ്ഞ് ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഇത്തവണ മേൽപ്പാടം ചുണ്ടനിലാണ് തുഴ എറിയുക. പുതിയ തിയ്യതി മാറ്റത്തിലൂടെ ഇത്തവണ യഥാസമയം വള്ളം കളി തടസ്സം കൂടാതെ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് വള്ളംകളി പ്രേമികൾ.