കോന്നി : ഇരുപതുവർഷം മുൻപ് പട്ടാളത്തിൽ നിന്നും കാണാതായ മകന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച് കഴിയുകയാണ് മാതാപിതാക്കളായ മ്ലാന്തടം വാകവേലിൽ സോമനും ഓമനയും. മൂത്തമകൻ സന്ദീപിനെ ആണ് ഇരുപത് വർഷങ്ങൾക്ക് മുൻപ് കാണാതായത്. ബാംഗ്ലൂർ എം എസ് നഗറിലെ പട്ടാള ക്യാമ്പിൽ മിലിട്ടറി സർവ്വേയേറായി ജോലി നോക്കി വരികയായിരുന്നു സന്ദീപ്. 2003 മെയ് നാലിന് ആണ് സന്ദീപ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. പട്ടാളത്തിൽ പോയതിന് ശേഷം രണ്ട് തവണ ലീവിന് നാട്ടിൽ വരികയും ചെയ്തിരുന്നു.
എന്നാൽ സന്ദീപിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിക്കാതെ വന്നതോടെ സോമൻ ബാംഗ്ലൂരിലെ പട്ടാള ക്യാമ്പിൽ അന്വേഷിച്ച് ചെന്നെങ്കിലും സന്ദീപ് ഇവിടെ നിന്നും ഓടി പോയി എന്ന മറുപടി മാത്രമാണ് ഇവർ പറഞ്ഞത്. ഇതിന് ശേഷം കേന്ദ്ര മന്ത്രിമാർക്കും പട്ടാള മേധാവികൾക്കും അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആ സമയം കോന്നി പോലീസ് ഒരു തവണ വീട്ടിൽ എത്തി അന്വേഷിച്ചതായും മാതാപിതാക്കൾ പറയുന്നു. സന്ദീപിനെ കാണാതെയാകുമ്പോൾ 22 വയസ് ആയിരുന്നു പ്രായം. സന്ദീപിന്റെ അനുജൻ സജീവ് രോഗിയാണ്. ആശ്രയമായിരുന്ന മകനെ കുറിച്ചും വിവരം ലഭിക്കാതെ വന്നതോടെ കൂലിവേല ചെയ്താണ് കുടുംബം കഴിയുന്നത്. സന്ദീപ് എന്നെങ്കിലും തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ജീവിതം തള്ളി നീക്കുകയാണ് ഈ മാതാപിതാക്കൾ.