കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശൻ 17 വയസുകാരിയായ മകൾ വൈഷ്‌ണവി എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാത്രി 11 മണിയോടെ ഗണേശനെയും 17 വയസുകാരിയായ മകൾ വൈഷ്‌ണവിയെയും ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ ഒരേ ഹുക്കിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരുമുണ്ടായിരുന്നത്. മകൾ ആതമഹത്യ ചെയ്തതായി ഗണേശൻ അയൽവാസികളെ നേരിട്ട് കണ്ട് വിവരമറിയിച്ചിരുന്നു. നാട്ടുകാർ വരുമ്പോൾ വീടിൻ്റെ മുൻഭാഗത്തെയും പിൻ ഭാഗത്തെയും വാതിൽ അടച്ച നിലയിലായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വാതിൽ തുറന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മേല്പറമ്പ് പോലീസ് സ്ഥലത്തെത്തി. ആത്മഹത്യക്ക് പിന്നിലെ കാരണമെന്നതിൽ വ്യക്തത ഇല്ല. കർണാടക സ്വദേശിയായ ഗണേശൻ മീപ്പുഗിരിയിലായിരുന്നു താമസം. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വീട്ടിലേക്ക് താമസം മാറിയത്. കോഴിക്കോട് സ്വദേശിനിയായ ഗണേശന്റെ ഭാര്യ ഹോം നഴ്സ് ആയി ജോലി ചെയ്യുകയാണ്. മകൻ കാറ്ററിംഗ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. വൈഷ്ണവി പരവനടുക്കം ഗവ.ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.






























