കോഴഞ്ചേരി: സമഗ്ര ശിക്ഷ കേരള ആറന്മുള ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം പ്രവർത്തനങ്ങൾ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന എസ് .ജി വി ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി ജിജിയുടെ വീട്ടിൽ വെച്ച് വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. തങ്ങളുടെ സഹപാഠിയെ കാണാനും ആശംസകൾ അർപ്പിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനും ഒപ്പം സ്നേഹം കരുതൽ സാമൂഹ്യ സന്ദേശം എന്നിവ വിഭാവനം ചെയ്യുന്നതുമാണ് ചങ്ങാതിക്കൂട്ടം. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ ഉദ്ഘാടനം ചെയ്തു.
ആറന്മുള ബ്ലോക്ക് മെമ്പർ ജൂലി ദിലീപ് ,എസ് ജി വി എച്ച്എസ്എസ് പ്രിൻസിപ്പൽ ശൈലജ, ആറന്മുള ഗവൺമെൻറ് എൻജിനീയറിംഗ് കോളേജ് അസിസ്റ്റൻറ് പ്രൊഫ. എബി തോമസ്, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ അനിൽകുമാർ പി എ,ഫാ. എബി.സി. ചെറിയാൻ, ജയന്തി കെ എസ് എന്നിവര്‍ പ്രസംഗിച്ചു. ആറന്മുള എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് വേണ്ടി ” ഡയപ്പർ ബാങ്ക്” എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അയിരൂർ മാർത്തോമാ പള്ളിയിൽ നിന്നുള്ള യുവജന കരോൾ സംഘം കുട്ടിയുടെ വീട്ടിൽ കരോൾ ഗാനം നടത്തി സമ്മാനങ്ങൾ നൽകി. എസ് ജി വി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എൻഎസ്എസ്, സ്കൗട്ട് എന്നീ വിഭാഗത്തിൽനിന്നുള്ള കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.