സീതത്തോട് : കൊച്ചുപമ്പയിൽ പെരിയാർ കടുവ സങ്കേതം കിഴക്ക് ഫോറസ്റ്റ് സ്റ്റേഷന്റെ മുന്നിലുള്ള 18/5 ഫോറസ്റ്റ് കോളനിയിലെ അന്നക്കുട്ടിയുടെ (80) വീട് കാട്ടാന തകര്‍ത്തു. വൈദ്യുതി ഇല്ലാതിരുന്നതിനാൽ അന്നക്കുട്ടി, മകൾ ഷീലയുടെ വീട്ടിലായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വീടും ഉള്ളിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും പൂർണമായി ആന നശിപ്പിച്ചു. അന്നക്കുട്ടിയും ചെറുമകൻ അതുലുമാണ് വീട്ടിൽ താമസം. കക്കി സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് എത്തി പരിശോധന നടത്തി.
വീടിന് സമീപത്തുണ്ടായിരുന്ന ആട്ടിൻകൂടും കാട്ടാന നശിപ്പിക്കുകയുണ്ടായി. അതിനിടെ വിവരം വനപാലകരെ അറിയിച്ചിട്ടും സഹായമൊന്നും ലഭിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. പതിനെട്ടഞ്ച് കോളനിയിൽ ഏതാനും വീടുകൾ മാത്രമാണുള്ളത്. ഇവരെല്ലാം ഏലത്തോട്ടത്തിലെ തൊഴിലാളികളാണ്. കാട്ടാന വീട് തകർത്തതോടെ അന്നക്കുട്ടിക്ക് കിടക്കാനിടമില്ലാത്ത അവസ്ഥയാണ്. കൊച്ചുപമ്പ ഫോറസ്റ്റ് സ്റ്റേഷന് നൂറുമീറ്റർ അകലെമാത്രമാണ് കാട്ടാന തകർത്ത വീട്.