ജിദ്ദ: റമദാന്‍ മാസത്തിനു മുമ്പുള്ള ഉയര്‍ന്ന ആവശ്യകത പരിഗണിച്ച് യുഎഇയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന യാത്രാസേവനത്തില്‍ ഇത്തവണ 13 ശതമാനമാനമാണ് വര്‍ധനവുണ്ടായത്. സൗദിയിലെ അബഹ, ജിസാന്‍, നിയോം, അല്‍ഉല, റിയാദ്, ദമാം, ഖസീം, ജിദ്ദ, തായിഫ്, തബൂക്ക് എന്നിവിടങ്ങളിലേക്ക് ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടായിരുന്നു. റമദാന്‍ മാസത്തിന്റെ മുന്നോടിയായിതന്നെ സൗദി അറേബൃയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിരുന്നതായി ജിസിസിഎ (ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി) വെളിപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരിയിലെ 93 പ്രതിവാര യാത്രകളില്‍ നിന്ന് 40 ശതമാനം വര്‍ധിപ്പിച്ച് ഫ്‌ളൈ ദുബായ് സൗദിയിലേക്കുള്ള സേവനം മാര്‍ച്ചില്‍ 130 ട്രിപ്പുകളായി ഉയര്‍ത്തി.
ഇത്തിഹാദ് എയര്‍വേയ്‌സും റമദാനില്‍ ഏകദേശം 45,000 യാത്രക്കാരെ സൗദിയിലെത്തിച്ചു. ഇത്തിഹാദ് എയര്‍വേയ്‌സ് ഇപ്പോള്‍ ജിദ്ദയിലേക്കും റിയാദിലേക്കും 28 ട്രിപ്പുകളും, ദമാമിലേക്ക് 21 ട്രിപ്പുകളുമടക്കം മൊത്തം 77 പ്രതിവാര ഫ്‌ലൈറ്റുകള്‍ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. റിയാദ്, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിലേക്ക് എമിറേറ്റ്‌സ് പ്രതിവാരം 67 വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. കുറഞ്ഞ നിരക്കിലുള്ള എയര്‍ലൈനായ വിസ് എയര്‍ അബുദാബി മാര്‍ച്ചില്‍ മദീനയിലേക്കും ദമാമിലേക്കും 21 പ്രതിവാര ഫ്‌ളൈറ്റുകള്‍ സേവനം നടത്തി.