കല്പറ്റ: പൂക്കോട് ഗവ. വെറ്ററിനറി കോളേജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കണ്ടെത്താന്‍ സി.ബി.ഐ. യുടെ ഡെമ്മി പരീക്ഷണം. സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ ഉടുമുണ്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ ഉടുമുണ്ടിന്റെ മറ്റൊരു മെറ്റീരിയലില്‍ കുളിമുറിയുടെ ജനാലയില്‍ ഡമ്മി കെട്ടിത്തൂക്കിയാണ് ഡി.ഐ.ജി. ലൗലി കട്ട്യാറുടെ നേതൃത്വത്തില്‍ പരീക്ഷണം നടത്തിയത്. രണ്ടുമണിക്കൂറോളം പരീക്ഷണം തുടര്‍ന്നു. 66 കിലോ ഭാരവും 172 സെന്റീമീറ്റര്‍ ഉയരവുമുള്ള ഡമ്മിയുമായാണ് സംഘമെത്തിയത്. തുണികൊണ്ട് പലതരം കെട്ടുകളിടുമ്പോള്‍ ഏതു തരത്തിലാണ് തൂങ്ങിനില്‍ക്കുക എന്ന് നോക്കി. ക്രൂരമായ മര്‍ദനത്തിനുശേഷം സിദ്ധാര്‍ഥനെ മരിച്ചെന്ന് കരുതി കെട്ടിത്തൂക്കിയതാകാമെന്നാണ് സംശയമുള്ളത്.
ഫൊറന്‍സിക് സംഘം ക്യാമറയില്‍ മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി. സിദ്ധാര്‍ഥന്റെ അതേ ഭാരവും ഉയരവുമുള്ള ഡമ്മി ഒരാള്‍ മാത്രവും നാലഞ്ചുപേര്‍ ചേര്‍ന്നും തുണികൊണ്ട് കയറിട്ട് കെട്ടിത്തൂക്കി. ഡെമ്മി പരീക്ഷണം കോടതിയില്‍ തെളിവായി സ്വീകരിക്കില്ലെങ്കിലും അന്വേഷണത്തിന് സഹായകരമെന്ന രീതിയിലാണ് ഇത് ചെയ്തത്. ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാര്‍ഥികളില്‍നിന്ന് സംഘം മൊഴിയെടുത്തു. മരിച്ചദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍ ആളുകളും കോളേജ് ഡീന്‍, അസി. വാര്‍ഡന്‍ എന്നിവരെല്ലാം ഹാജരായിരുന്നു. പരിശോധനാ സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. സിദ്ധാര്‍ഥന്‍ അപമര്യാദയായി പെരുമാറിയെന്ന് കോളേജ് അധികൃതര്‍ക്ക് പരാതിനല്‍കിയ പെണ്‍കുട്ടിയുടെ മൊഴിയും സംഘം രേഖപ്പെടുത്തി.