കൊല്ലം: കടുത്ത ജോലിസമ്മർദം അടക്കമുള്ള കാരണങ്ങളാൽ സ്വയംവിരമിക്കൽ അപേക്ഷനൽകി കാത്തിരിക്കുന്നവരെ ബോധവത്‌കരിക്കാൻ പോലീസ്. 2019 മുതൽ പോലീസ് സേനയിൽ സ്വയം വിരമിക്കൽ അപേക്ഷകരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിലാണിത്. വി.ആർ.എസ്. അപേക്ഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ആവശ്യമായ പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്നതിനും സാമ്പത്തിക ആസൂത്രണം പഠിപ്പിക്കുന്നതിനും ഒരുദിവസത്തെ ക്ലാസ് നടത്തണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഓരോ പോലീസ് ജില്ലയിലും ഒരുദിവസത്തെ ക്ലാസ് ഉണ്ടാകും. ഓരോ സ്റ്റേഷനിലും യൂണിറ്റിലും മാനസികസംഘർഷംമൂലവും മറ്റും വി.ആർ.എസിന് അപേക്ഷ നൽകിയവരുടെ പട്ടിക രണ്ടുദിവസത്തിനകം തയ്യാറാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വി.ആർ.എസ്. എടുക്കാൻ ഉദ്ദേശിക്കുന്നവരുടെ വിവരങ്ങളും ശേഖരിക്കണമെന്നാണ് നിർദേശം.
2023 സെപ്റ്റംബർ ഒന്നുവരെ 826 ഉദ്യോഗസ്ഥരാണ് കേരള പോലീസിൽ സ്വയം വിരമിക്കൽ അപേക്ഷ നൽകിയിരുന്നത്. സി.പി.ഒ.മുതൽ എസ്.ഐ.മാർ വരെയുള്ളവരുടെ സ്വയം വിരമിക്കൽ അപേക്ഷ പെരുകുന്നതു സംബന്ധിച്ച് സർക്കാർ പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് തേടി. 2019-നുശേഷം 148 പേർക്ക് മാത്രമേ വി.ആർ.എസ്. നൽകിയുള്ളൂവെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇവരിൽ മൂന്നുപേർ സ്ത്രീകളാണ്. എന്നാൽ എല്ലാ അപേക്ഷകളും സ്വീകരിക്കാത്ത അധികൃതർ ഇതുസംബന്ധിച്ച് കൃത്യമായ കണക്ക് മറച്ചുെവച്ചിരിക്കുകയാണെന്നാണ് വിവരം.
2023 സെപ്റ്റംബറിനുശേഷം അമ്പതിലേറെപ്പേർകൂടി സ്വയം വിരമിക്കൽ അപേക്ഷ നൽകിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥർ അപേക്ഷ സ്വീകരിക്കാതെ അനുനയിപ്പിച്ച് മടക്കിയയയ്ക്കുകയും ചിലർ വാങ്ങിയശേഷം രേഖകളിൽ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്നതിനാലാണ് പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ എണ്ണം കുറഞ്ഞത്. 2019-നുമുൻപ് അത്യപൂർവമായേ പോലീസിൽനിന്ന് സ്വയം വിരമിക്കൽ ഉണ്ടായിട്ടുള്ളൂ. 2019-ൽ വി.ആർ.എസ്. എടുത്തവരുടെ ആറുമടങ്ങ് ആളുകളാണ് 2023-ൽ സ്വയം വിരമിച്ചത്. 2019-നുശേഷം കൂടുതൽ ഉദ്യോഗസ്ഥർ വി.ആർ.എസ്. എടുത്തത് കോഴിക്കോട് സിറ്റി പോലീസ് ജില്ലയിലാണ്. കോഴിക്കോട് സിറ്റി-21, മലപ്പുറം-16, ഇടുക്കി-13, കോട്ടയം-12, എറണാകുളം സിറ്റി-11 എന്നിങ്ങനെയാണ് കണക്ക്. തൃശ്ശൂർ സിറ്റി, തൃശ്ശൂർ റൂറൽ, തിരുവനന്തപുരം റൂറൽ, പത്തനംതിട്ട എന്നീ പോലീസ് ജില്ലകളിലാണ് സ്വയം വിരമിക്കൽ കുറവുള്ളത്.