ഡൽഹി: മുംബയ് വിമാനത്താവളത്തിലെ റൺവേയിലിരുന്ന് യാത്രക്കാർ ഭക്ഷണം കഴിച്ച സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിക്ക് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) 1.2 കോടി രൂപയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 30 ലക്ഷം രൂപയും പിഴ ചുമത്തി. മുംബയ് വിമാനത്താവളത്തിന് 60 ലക്ഷം രൂപയും ഡി.ജി.സി.എ 30 ലക്ഷം രൂപയും പിഴ ചുമത്തി. ഡൽഹിയിൽ മൂടൽമഞ്ഞിനെ തുടർന്ന് വൈകിയ വിമാനം മുംബയ് വിമാനത്താവളത്തിൽ പിടിച്ചിട്ടപ്പോഴാണ് യാത്രക്കാർ പുറത്തിറങ്ങി ഭക്ഷണം കഴിച്ചത്.
ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ ഇൻഡിഗോയോടും മുംബയ് ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിനോടും വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് നടപടി. പൈലറ്റുമാരുടെ റോസ്റ്ററിംഗ് ഉത്തരവ് പാലിക്കാത്തതിന് സ്പൈസ് ജെറ്റിനും എയർ ഇന്ത്യയ്ക്കും ഡി.ജി.സി.എ 30 ലക്ഷം രൂപ വീതവും പിഴയിട്ടു.