തിരുവനന്തപുരം : മുൻ സംസ്ഥാന സെക്രട്ടറി എ.കെ. നസീറിനേയും സുൽത്താൻബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിനേയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് ഇരു നേതാക്കൾക്കും എതിരെയുള്ള നടപടി. എ.കെ. നസീർ ഇന്ന് വാർത്താസമ്മേളനം നടത്തിയാണ് നേതൃത്വത്തെ വിമർശിച്ചത്. ഇത് കഴിഞ്ഞ് ഒരു മണിക്കൂർ പിന്നിടും മുമ്പാണ് നടപടി ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് പാർട്ടിയുടെ അവസ്ഥ വളരെ സങ്കടകരമാണ്. പുതിയ നേതൃത്വം ജീവിത മാർഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകളെ ധനസമാഹരണത്തിനായി ഉപയോഗിക്കുന്നു. അങ്ങനെയുള്ള നേതാക്കളുടെ മുന്നിൽ പാർട്ടി കേരളത്തിൽ വളരില്ലെന്നും നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനെ പേരെടുത്ത് വിമർശിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിൽ അഴിമതി നടത്തിയെന്ന് ആരോപണമുള്ള ആളെ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ചതിനെച്ചൊല്ലി വയനാട് ബി.ജെ.പിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. മഹിളാമോർച്ച ജില്ലാ കമ്മിറ്റിയും ബി.ജെ.പി. യുടെ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയും പിരിച്ചുവിട്ട് നേതാക്കൾ രാജിക്കത്ത് നൽകി.
ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ബി. മദൻലാലിന്റെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ കൂട്ടരാജി. ഇവർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വം നടപടി എടുത്തിരിക്കുന്നത്.