പത്തനംതിട്ട : പുല്ലാട് അജയകുമാർ വല്ലുഴത്തിലിന്റെ ഫാമിലാണ് നാടൻ നെൽവിത്തുകൾ കൊണ്ട് യേശുദേവന്റെ ചിത്രം വരച്ചുള്ള കരനെൽകൃഷി പച്ചപിടിക്കുന്നത്. മലയാളത്തിന് നഷ്ടമായ പരമ്പരാഗത നെൽവിത്തുകൾ കൊണ്ടാണ് ഈ കരനെൽകൃഷി എന്നതാണ് പ്രത്യേകത. വയലിൽ മാത്രമല്ല കരക്കും നെൽകൃഷി നടത്താമെന്നു തെളിയിച്ചിരിക്കുകയാണ് അജയകുമാർ. ഔഷധ ഗുണമുള്ള പരമ്പാരാഗത നെൽവിത്തുകൾ പല സംസ്ഥാനങ്ങളിൽ നിന്നും ശേഖരിച്ചു വിതച്ചിരിക്കുകയാണ് ഇവിടെ. കൃഷിയിലൂടെ യേശുദേവനുള്ള സമർപ്പണവും ഉദ്ദേശിച്ചാണ് ചിത്രം വരച്ചിരിക്കുന്നത് പോലെയുള്ള ഈ നെൽകൃഷി.
അജയകുമാറിന്റെ ഈ കരനെൽകൃഷിക്ക് ആറന്മുളയിലെ കർഷകനായ ഉത്തമന്റെയും കാർഷിക വിജ്ഞാന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെയും പൂർണ്ണ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉണ്ട്. കരഭൂമി ജൈവകൃഷിയിലൂടെ ഔഷധ സമ്പന്നമാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിക്ക് പിന്നിലുണ്ട്. ആയുർവേദ ചികിത്സയുടെ അവിഭാജ്യ ഘടകമായ പരമ്പരാഗത നെൽവിത്തുകളായ രക്തശാലി മുതൽ കൊടുക്കണ്ണി വരെയുള്ള ഇരുപതോളം നെൽവിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. വളമായി നൽകുന്നത് നാടൻ പശുക്കളുടെ ചാണകവും മൂത്രവും അടക്കമുള്ള ജൈവവളങ്ങളും. കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ, ചർമ്മം മുതൽ പേശികൾ വരെയുള്ള ആരോഗ്യത്തിന് ഒക്കെ അനുയോജ്യമായ നാടൻ നെൽവിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഈ വ്യത്യസ്തമായ കരനെൽകൃഷിയെക്കുറിച്ചു അറിഞ്ഞപ്പോൾ കാണാനെത്തിയ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കൃഷി വകുപ്പിനെയും സർക്കാരിനെയും ഈ കൃഷിയെക്കുറിച്ചു പഠിക്കാൻ അയക്കാം എന്നും അതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഉറപ്പും നൽകി.