പത്തനംതിട്ട : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി -കർഷക ദ്രോഹ നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി -കർഷക തൊഴിലാളി നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 26 മുതൽ 28 വരെ രാജ് ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രക്ഷോഭ സമരപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമര സമിതി ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ 1 മണി വരെ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിയ്ക്കൽ മഹാധർണ്ണ നടത്തി. കേരള കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു.
രാജ്യം കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും വലിയ തൊഴിലാളി-കർഷക ദ്രോഹ സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. കൃഷിക്കാരെ സഹായിക്കാൻ തയ്യാറാകാത്ത സർക്കാർ കോർപ്പറേറ്റുകൾക്ക് വാരിക്കോരി ഇളവുകൾ നൽകുന്നു. പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിൽക്കുന്നു. രാജ്യത്തെ എല്ലാ മേഖലയും സാമ്പത്തികമായ മുരടിപ്പിൽ ആണ്. ഈ സർക്കാരിനെ അധികാരത്തിൽ നിന്നും പുറത്താക്കാൻ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു നിന്ന് പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലമാണിതെന്നും ഉദ്ഘാടകൻ പറഞ്ഞു. സംയുക്ത സമര സമിതി ചെയർമാൻ ജ്യോതിഷ് കുമാർ മലയാലപ്പുഴ അധ്യക്ഷത വഹിച്ചു. സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹർഷകുമാർ, കെ. സി. രാജാഗോപാലൻ,എ. പി. ജയൻ,ഡി. സജി,സി. രാധാകൃഷ്ണൻ, ആർ. തുളസീധരൻപിള്ള,എസ്. ഹരിദാസ്,ബോബി കാക്കാനംപള്ളിൽ, രാജൻ സുലൈമാൻ, കെ. ഐ. ജോസഫ്, അയൂബ് കുമ്മണ്ണൂർ, പി. കെ. ഗോപി, സുമ ഫിലിപ്പ്, മലയാലപ്പുഴ മോഹനൻ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.