റാന്നി: പമ്പാനദിയിലെ വലിയപാലത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ പിന്നീട് പള്ളിക്കയത്തിന് സമീപം മുങ്ങിമരിച്ചു. പത്തനംതിട്ട മൈലപ്ര മടത്തുംമൂട്ടിൽ ജെയ്സൺ (48)ആണ് മരിച്ചത്. ഇന്ന് രാവിലെ റാന്നി പാലത്തില്‍ നിന്നും താഴേക്കു ചാടിയെങ്കിലും ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടിരുന്നു. പിന്നീട് നദിയിലൂടെ നടന്ന് ആഴമുള്ള ഭാഗത്തേക്കു പോവുകയായിരുന്നു. നദിയില്‍ പാലത്തിന് താഴെയായുള്ള പള്ളിക്കയത്തിലെ ചുഴിയില്‍ അകപ്പെട്ടതോടെ മുങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ റാന്നി പാലത്തിൽ നിന്നും പമ്പനദിയിലേക്ക് ഒരാൾ ചാടിയതായി റാന്നി പോലീസ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ചറിയിച്ചിരുന്നു. ഉടൻ തന്നെ സ്റ്റേഷനിൽ നിന്നും പോലീസ് സംഘം റാന്നി പാലത്തിന്റെ താഴെ തിരക്കിയെങ്കിലും ആരെയും കണ്ടെത്തനായില്ല, ഒരാൾ പാലത്തിൽ നിന്ന് ചാടിയതായി അഗ്നിശമന സേനയിലും ആരോ അറിയിച്ചിരുന്നു.
സ്ഥലത്തെത്തിയ അഗ്നിശമന സേനയും നദിയുടെ കരയിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല. പിന്നീടാണ് എതിർകരയിൽ നിന്നും അഗ്നിശമന സേനയുടെ ഉദ്യോഗസ്ഥർ വിളിച്ച് ഒരാൾ നദിയിൽ മുങ്ങി പോകുന്നതായി പോലീസിനോട് പറയുന്നത്. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥരായ, ലിജു, സുമിൽ, അജാസ്, ഗോകുൽ എന്നിവര്‍ ചേർന്ന സംഘം വളളം ഉപയോഗിച്ച് നദിയിൽ തിരച്ചിൽ നടത്തുകയും വെള്ളത്തിൽ മുങ്ങിപ്പോയ ആളിനെ കരയിൽ എത്തിക്കുകയും ആയിരുന്നു. കരയിൽ എത്തിച്ച ശേഷം റാന്നി താലൂക്കാശുപത്രിയിലേക്ക് മാറ്റി. മുങ്ങിമരിച്ച വിവരവും ചിത്രവും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബന്ധുകൾ റാന്നി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. ഏറനാളായി വിദേശത്ത് ജോലി ചെയ്തു വരികയായിരുന്ന ജെയ്സൺ ഒരു വർഷക്കാലമായി നാട്ടിൽ ഉണ്ടായിരുന്നു. നാട്ടിൽ കേറ്ററിംങ്ങ് വർക്സ് ചെയ്യുന്നതിനായി ഉതിമൂട്ടിൽ വാടകവീട് എടുത്ത് ആ വീട്ടിലായിരുന്നു താമസമെന്ന് ബന്ധുക്കൾ പറഞ്ഞു. കുടുബ പ്രശ്നങ്ങളെ തുടർന്നാണ് മാറി താമസിച്ചിരുന്നത്. രണ്ട് കുട്ടികൾ ഉള്ളത് ഭാര്യക്കൊപ്പമാണ് താമസിക്കുന്നതെന്ന് സഹോദരി പറഞ്ഞു. മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.