കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ മലയാളസിനിമയിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്. എന്നാൽ ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടന എന്ന രീതിയിലാണ് ആദ്യം തീരുമാനിച്ചത്. പിന്നീടിത് ഫെഫ്കയ്ക്കുകൂടി ബദലായി തൊഴിലാളികളുടെ സംഘടനയാക്കി മാറ്റുകയായിരുന്നു ഇതിനെ.
വിഷൻ ഫോർ എ പ്രോഗ്രസീവ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ’ എന്ന തലക്കെട്ടിലുള്ള ഇംഗ്ലീഷിലുള്ള കത്താണ് പുതിയ നീക്കത്തിന്റെ അണിയറക്കാർ ചില നിർമാതാക്കൾക്ക് അയച്ചിരുന്നത്. ചിലരെ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. നിർമാതാക്കളുടെ പുതിയ സംഘടനയാണ് ലക്ഷ്യമെന്ന് കത്തിന്റെ രണ്ടാംഖണ്ഡികയിൽ വ്യക്തമാക്കിയിരുന്നു. ഇടത് പുരോഗമന മൂല്യങ്ങളായിരിക്കും ഉയർത്തിപ്പിടിക്കുകയെന്നും ഇതിൽ പരാമർശിച്ചിരുന്നു. പക്ഷേ പുതിയ സംഘടനയെക്കുറിച്ച് വിശദമാക്കുന്ന മലയാളത്തിലുള്ള കത്തിൽ നിർമാതാക്കൾ എന്നതു മാറ്റി പിന്നണിപ്രവർത്തകർ എന്നാക്കി.
‘ഇടത് പുരോഗമ മൂല്യങ്ങൾ’ എന്നു പറയുന്ന ഭാഗം ‘സമത്വം, സഹകരണം, സാമൂഹികനീതി’ എന്നീ മൂല്യങ്ങൾ എന്നാക്കുകയും ചെയ്തു. നിർമാതാക്കളുടെ സംഘടനയിലെ അസംതൃപ്‌തരേയും ഫെഫ്ക നേതൃത്വത്തോട് എതിർപ്പുള്ളവരേയുമാണ് ആഷിഖും സംഘവും പ്രതീക്ഷിക്കുന്നത്. അതിനിടെ അസോസിയേഷനിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി നിർമാതാവ് സാന്ദ്രാതോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുള്ളിൽ നിന്നുകൊണ്ട് പോരാടാനാണ് ഉദ്ദേശിക്കുന്നതെന്നും തത്കാലം പുതിയ സംഘടനയിലേക്ക് ഇല്ലെന്ന് അറിയിച്ചതായും സാന്ദ്ര പറഞ്ഞു.