റാന്നി: റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻ്റിൽ വയോധികനായ യാത്രക്കാരൻ്റെ കാലിൽ സ്വകാര്യ ബസിന്‍റെ ടയര്‍ കയറി പരിക്കേറ്റു. ഇടമുറി പൊന്നംമ്പാറ സ്വദേശിയായ ചാക്കാലയിൽ ശിവരാമൻ(80) ആണ് പരിക്കേറ്റത്. പരിക്കേറ്റയാളിനെ ഉടൻ തന്നെ റാന്നി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ വയോധികൻ്റെ കാലിൻ്റെ പാദത്തിനാണ് പരിക്കേറ്റത്. രാവിലെ പത്തുമണിയോടെ മുണ്ടക്കയം തിരുവല്ല ചെങ്ങന്നൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് കയറിയാണ് പരിക്കേറ്റത്.
ഇടമുറിയിൽ നിന്നും ബസിൽ ഇട്ടിയപ്പാറ ബസ് സ്റ്റാൻ്റിൽ എത്തി പുറത്തേക്ക് പോകുന്നതിനിടയിലാണ് സ്റ്റാൻ്റിലെ ടെർമിലിനു മുൻപിൽ വെച്ച് അപകടം ഉണ്ടായത്. ശിവരാമൻ ഇടമുറിക്ഷേത്രത്തിനു സമീപം സ്വന്തമായി വ്യാപാരം നടത്തുന്ന ആളാണ്. സ്ഥാപനത്തിലേക്ക് സാധനം വാങ്ങാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്ന് സമീപവാസികൾ പറഞ്ഞു. ഇട്ടിയപ്പാറ ബസ് സ്റ്റാൻ്റിൽ ബസുകൾ നിയന്ത്രിക്കുവാൻ ആളില്ലാത്തതു കാരണം ജീവനക്കാര്‍ തോന്നും പടിയാണ് ബസുകൾ പാർക്കു ചെയ്യുന്നത്. ഇതാണ് അപകടം ഉണ്ടാകാൻ കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം.