കാണക്കാരി : കാറിടിച്ചു റോഡിലേക്ക് തെറിച്ചു വീണ കാല്‍നടയാത്രക്കാരന്‍ ദേഹത്ത് സ്വകാര്യ ബസ് കയറി മരിച്ചു. കോട്ടയം എറണാകുളം റോഡില്‍ ഇന്നലെ രാത്രിയാണ് അപകടം. കാണക്കാരി ചാത്തമല കുഴിമ്പറമ്പില്‍ ഗോപി (ബേബി – 63) ആണ് അതിദാരുണമായി മരിച്ചത്. വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ബേബിയെ കാറിടിക്കുകയും റോഡിലേക്ക് തെറിച്ചു വീണ ഇയാളുടെ ദേഹത്ത് കൂടി സ്വകാര്യ ബസ് കയറി ഇറങ്ങുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് കോട്ടയം – എറണാകുളം റോഡില്‍ ഗതാഗതം ഭാഗികമായി മുടങ്ങി. കാണക്കാരി ഷാപ്പും പടിയിലാണ് അപകടമുണ്ടായത്. ബേബി റോഡ് മുറിച്ചു കടക്കുമ്പോഴാണ് അപകടം. കടുത്തുരുത്തി ഭാഗത്തു നിന്ന് നിയന്ത്രണം വിട്ടു പാഞ്ഞുവന്ന കാര്‍ ബേബിയെ ഇടിച്ചു തെറിപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ ബേബിയുടെ ദേഹത്ത് കൂടി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കയറുകയായിരുന്നു. ബേബി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. കുറവിലങ്ങാട് പോലീസ് എത്തിയ ശേഷമാണ് മൃതദേഹം റോഡില്‍ നിന്നു മാറ്റിയത്. അപകട സ്ഥലത്തിന് സമീപത്ത് കട നടത്തുകയായിരുന്ന ബേബിയുടെ സഹോദരന്‍ ബെന്നി മൃതദേഹം കണ്ട് ബോധരഹിതനായി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മ്യതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.