ചെങ്ങന്നൂർ : ചെങ്ങന്നൂർ മണ്ഡലത്തെ ഒക്ടോബർ 31-നുമുൻപ് ഡിജിറ്റലാക്കാൻ പദ്ധതി തയ്യാറാക്കി. 14 വയസ്സിനു മുകളിൽ പ്രായമുള്ളവരും മണ്ഡലത്തിൽ സ്ഥിരതാമസക്കാരുമായ ആളുകളെ ഡിജിറ്റൽ സാക്ഷരരാക്കും. പഞ്ചായത്തുകളിൽ സർവേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തുന്നത്. ഇവർക്ക് ഡിജിറ്റൽ സാക്ഷരത നൽകിയതിനുശേഷം മൂല്യനിർണയം നടത്തും. വിദ്യാർഥികൾ, യുവതീയുവാക്കൾ, സന്നദ്ധസേന, സാക്ഷരതാ പ്രേരക്മാർ, എൻ.എസ്.എസ്.,എസ്.പി.സി.,എൻ.സി.സി. അംഗങ്ങൾ എന്നിവരെ നിയോഗിക്കും. സർക്കാരിന്റെ ഡിജി കേരളത്തിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി നിരീക്ഷണസമിതി രൂപവത്കരിക്കാൻ മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. നേരത്തേ പുലിയൂർ പഞ്ചായത്തിൽ 18-നും 50-നും ഇടയിൽ പ്രായമുള്ള എല്ലാ വനിതകളും ഡിജിറ്റൽ സാക്ഷരരായി. സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ വശമില്ലാത്ത 2,100 വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കിയിരുന്നു. പഞ്ചായത്ത് ഐ.എച്ച്.ആർ.ഡി.യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ചെങ്ങന്നൂർ എൻജിനിയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥികളെയാണ് ഡിജിറ്റൽ സാക്ഷരരാക്കാൻ ചുമതലപ്പെടുത്തിയത്.
പഠനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു പ്രോജക്ടായി നൽകുകയായിരുന്നു. 40 വിദ്യാർഥികളാണ് പദ്ധതിയുടെ ഭാഗമായത്. എട്ടുമുതൽ 10 വരെയുള്ള പഠിതാക്കളെ ഒരുവീട്ടിൽ ഒന്നിച്ചിരുത്തിയായിരുന്നു പഠനം. 50 വയസ്സിനു മുകളിൽ താത്പര്യമുള്ളവരെയും പദ്ധതിയുടെ ഭാഗമാക്കിയിരുന്നു. രണ്ടാഴ്ചകൊണ്ടാണ് എല്ലാവരെയും സാക്ഷരരാക്കിയത്. നഗരസഭകളിൽ നടപ്പാക്കിയ കെ-സ്മാർട്ട് സേവനങ്ങൾ പഞ്ചായത്തുകളിൽക്കൂടി നടപ്പാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ പഞ്ചായത്ത് സേവനങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈനായായിരിക്കും നൽകുക. ഈ സാഹചര്യത്തിലാണ് ഡിജി പദ്ധതി വ്യാപകമാക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കൽ തുടങ്ങിയവയും ഇതിലുൾപ്പെടുത്തിയിരുന്നു.