പത്തനംതിട്ട : നഗരസഭയുടെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരം കാണാൻ
ദേശീയ ഹൈവേ അതോറിറ്റി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടന്നു. താഴേ വെട്ടിപ്പുറത്ത് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തോട് ചേർന്നുള്ള സ്ഥലത്താണ് വൈകുന്നേരം ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിന് അടുത്ത് കൂടി കടന്നു പോകുന്ന റോഡ് സമീപ കാലത്ത് പിഡബ്ല്യുഡി നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറിയിരുന്നു. ഈ ഭാഗത്ത് പൊട്ടിപ്പോയ പൈപ്പ് ലൈനുകൾ മാറ്റിയിടുന്നതിന് റോഡ് കുറച്ച് ഭാഗം മുറിച്ച് മറ്റേണ്ടതായിട്ടുണ്ട്. റോഡ് മുറിച്ച് പൈപ്പ് ഇടുന്നതിന് ദേശീയ ഹൈവേ അതോറിറ്റിയുട അനുമതി ആവശ്യമാണ്. താഴേ വെട്ടിപ്പുറം, മുണ്ടുകോട്ടയ്ക്കൽ പ്രദേശങ്ങളിൽ ഉൾപ്പെട്ട അഞ്ച് വാർഡുകളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിച്ചിരുന്നു. എന്നാൽ പുതിയതായി സ്ഥാപിച്ച പൈപ്പ്ലൈൻ പ്രയോജനപ്പെടണമെങ്കിൽ റോഡ് മുറിച്ച് പുതിയതായി സ്ഥാപിച്ച പൈപ്പ് പഴയ ലൈനിലേക്ക് കണക്ഷൻ നൽകേണ്ടതുണ്ട്. ഇതിനുള്ള അനുമതിക്കായി വാട്ടർ അതോറിറ്റി നാഷണൽ അതോറിറ്റിയെ സമീപിച്ചെങ്കിലും നാളിതുവരെ അനുമതിയുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധത്തിനെത്തിയത്.
ജല അതോറിറ്റിയുടെയും നാഷങ്ങൾ ഹൈവേ അതോറിറ്റിയുടെയും പി.ഡബ്യു.ഡിയുടെയും സംയുക്ത യോഗം വിളിച്ച് ചേർക്കണമെന്ന് ജില്ലാ കളക്ടറോട് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ടി വന്നാൽ ദുരന്ത നിവാരണ നിയമത്തിലെ അധികാരങ്ങളും ഉപയോഗിച്ച് കൊണ്ട് ജനങ്ങൾക്ക് അടിയന്തിരമായി കുടിവെളളം എത്തിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്നും കളക്ടറോട് നഗരസഭാ ഭരണ സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്. അനുമതി ലഭ്യമാക്കാൻ കാലതാമസം ഉണ്ടായാൽ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് നഗരസഭാ ഭരണ സമിതി നേതൃത്വം നൽകുമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് നഗരസഭാ ചെയർമാൻ പറഞ്ഞു. നഗരസഭാ കൗൺസിലർ ആർ. സാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൗൺസിലർമാരായ വി ആർ ജോൺസൺ, കെ ആർ അജിത് മുാർ, ശോഭാ കെ മാത്യു, നീനു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.