ഡൽഹി : ഒരൊറ്റ സംഘത്തെ പിടികൂടിയതു വഴി നിരവധി ബൈക്ക് മോഷണ കേസുകള്‍ക്കും മൊബൈൽ ഫോണ്‍ പിടിച്ചുപറികള്‍ക്കും തുമ്പുണ്ടാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. റോസ് ഗ്യാങ് എന്ന അറിയപ്പെട്ടിരുന്ന യുവാക്കളുടെ സംഘം കൃത്യമായ ആസൂത്രങ്ങളോടെ നടത്തിയ മറ്റൊരു മോഷണ ശ്രമത്തിനിടെ പൊലീസിന്റെ കൈകളിലേക്ക് വന്നുചാടുകയായിരുന്നു. സംഘത്തിന്റെ തലവൻ ഇപ്പോഴും കാണാമറയത്താണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
സംഘത്തിലെ എള്ളാവരുടെയും വലത്തേ കൈയിൽ റോസാ പൂവിന്റെ ചിത്രം പച്ച കുത്തിയിരിക്കും. നിഖിൽ പുരി, രോഹിത്, ദീപക്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് മോഷണമായാലും മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കുന്നതായാലും എല്ലാ കുറ്റകൃത്യങ്ങളുടെയും വീഡിയോ ചിത്രീകരിച്ച് അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‍ലോഡ് ചെയ്യും. ജനങ്ങളിൽ ഭീതി പരത്തുന്നതിന് വേണ്ടിയാണത്രെ ഇത്. ഇനിയും പിടികിട്ടാനുള്ള സംഘത്തലവൻ നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാനുള്ളയാളാണ്.
വ്യാഴാഴ്ച അറസ്റ്റിലായപ്പോൾ മോഷ്ടിച്ചെടുത്ത എട്ട് ബൈക്കുകള്‍, മൂന്ന് മൊബൈൽ ഫോണുള്‍, ക്രിമിനൽ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മറ്റൊരു ബൈക്ക് തുടങ്ങിയവയെല്ലാം കണ്ടെടുത്തു. കനയ്യ നഗറിൽ ഒരു ബൈക്ക് മോഷണത്തിന് സംഘം പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.