ഡല്‍ഹി: ഡല്‍ഹിയില്‍ ചൈനീസ് പട്ടത്തിന്‍റെ ചരട് കഴുത്തില്‍ കുടുങ്ങി ഏഴു വയസുകാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ചയാണ് സംഭവം. പടിഞ്ഞാറൻ ഡൽഹിയിലെ പശ്ചിമ വിഹാറിൽ പിതാവിനൊപ്പം മോട്ടോർ സൈക്കിളിൽ നീന്തൽ ക്ലാസിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. യാത്രക്കിടെ പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വീട്ടുകാർക്ക് വിട്ടുകൊടുത്തു. പെണ്‍കുട്ടി ബൈക്കിന്‍റെ മുന്നിലാണ് ഇരുന്നിരുന്നത്. മൂത്ത സഹോദരിയും അമ്മയും പിറകിലും. മൂവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.
സംഭവത്തില്‍ ഏഴു പേര് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർ അനധികൃതമായി ചൈനീസ് പട്ടം ചരട് വിൽക്കുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുകയായിരുന്നുവെന്ന് ഡിസിപി ഔട്ടർ ഹരേന്ദ്ര സിംഗ് പറഞ്ഞു.കഴിഞ്ഞ ദിവസം പശ്ചിമ വിഹാർ പ്രദേശത്ത് പട്ടം വില്‍ക്കുന്ന കടകളിൽ പോലീസ് നടത്തിയ റെയ്ഡിൽ 200 ഓളം പട്ടങ്ങളും 33 പട്ടം ചരടുകളും കണ്ടെടുത്തു.2017-ൽ ചൈനയുടെ പട്ടം ചരടുകൾ വിൽപന, ഉൽപ്പാദനം, ഉപയോഗം എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും പട്ടം മൂലം ആളുകൾക്ക് പരിക്കേൽക്കുകയോ മരിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ ഡൽഹിയിൽ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.