പത്തനംതിട്ട : ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട്ട് ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ കഴിഞ്ഞ 23- വർഷമായി നടത്തി വരുന്ന അറിവിനൊരു കൈത്താങ്ങ് പദ്ധതിയുടെ ഈ വർഷത്തെ ഉത്ഘാടനവും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റ് വിതരണവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെ മുടങ്ങാതെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്ന സുരേഷ് കുമാറിനെപ്പോലുള്ള പൊതു പ്രവർത്തകർ എല്ലാവർക്കും മാതൃകയാണന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോവിഡ് മൂലം ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ അവർക്ക് കൈത്താങ്ങ് നൽകാൻ രാഷ്ടീയം മറന്ന് എല്ലാവരും സഹകരിക്കേണ്ട സമയമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
അഡ്വ. എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ അനിൽ തോമസ് , കെ ജാസിംകുട്ടി, എൻ.സി.മനോജ്, അഡ്വ. സുനിൽ എസ്. ലാൽ , യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി.കണ്ണൻ, കോൺഗ്രസ് ബ്ലോക്ക് സിഡന്റ് അബ്ദുൽ കലാം ആസാദ് , അംബിക വേണു സി.കെ.അർജുനൻ, നാസ്സർ തൊണ്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.