പത്തനംതിട്ട: പ്രകൃതിയോടുള്ള ബാദ്ധ്യത നിറവേറ്റുന്നവനാണ് യഥാർത്ഥ പ്രകൃതി സ്നേഹിയെന്ന് നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റീകറപ്ക്ഷൻ ഫോഴ്സ്. മുൻപെങ്ങും ഇല്ലാത്തതുപോലെ അന്തരീക്ഷ താപം വർദ്ധിക്കുകയും ധ്രുവങ്ങളിലെ മഞ്ഞു മലകൾ ഉരുകി മാറുകയും ചെയ്യുന്നത് മാത്രമല്ല ഒരു ലക്ഷത്തിലധികം ജീവജാലങ്ങൾ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ജലദൗർലഭ്യം രൂക്ഷമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും ജലക്ഷാമവും സസ്യജാലങ്ങളെ മാത്രമല്ല ജീവജാലങ്ങളുടെയാകെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നു. സൂര്യനിലെ തമോകണങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ചെയ്തികളിലൂടെ വായുവും വെള്ളവും മലിനമായ്ക്കൊണ്ടിരിക്കുന്നു. നദികളും കായലുകളും മലിനീകരണം കൊണ്ടു വീർപ്പുമുട്ടുകയാണ്. ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാനുള്ള അവകാശം മനുഷ്യനുണ്ടെങ്കിലും മനുഷ്യനുണ്ടാക്കുന്ന നാശങ്ങൾ കാരണം പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്.
ആവാസ വ്യവസ്ഥയെ സംരക്ഷിക്കുവാൻ ഓരോ പൗരനും ഭൂമിയുടെ സംരക്ഷകനാകേണ്ട കാലം അതി ക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഓരോ പൗരനും പ്രകൃതിയുടെ സംരക്ഷണ സേവകൻ ആകണമെന്ന് നാഷ ണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റീകറപ്ക്ഷൻ ഫോഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മാത്തൂർ സുരേഷ് ആഹ്വാനം ചെയ്തു. നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റീകറപ്ക്ഷൻ ഫോഴ്സ് (NHRACF) -ന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലെ യുദ്ധ സ്മാരകത്തിനു സമീപം വൃക്ഷതൈ നട്ടു ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധ സ്മാരകത്തിനു മുമ്പിൽ പ്രകൃതി സംരക്ഷണ സേവകരായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ഏറ്റു ചൊല്ലി. ജില്ലാ സെക്രട്ടറി ജോമോൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സുജിത് പദ്മനാഭൻ, അഡ്വ. രഞ്ജിനി എസ് നായർ, അഡ്വ.ആർ. നിതീഷ്, അഡ്വ.അനന്തു സുബ്രഹ്മണ്യൻ, അജികുമാർ, മണിലാൽ, പ്രകാശ് പി.ആർ., വിജയൻ, സന്തോഷ് കൃഷ്ണ, ജിബി,സുഷമ എന്നിവർ സംസാരിച്ചു.