കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ദിവസം എന്‍എസ്‍എസ്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പരസ്യമായി സ്വീകരിച്ച നിലപാടിനെതിരെ വിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ വോട്ട് ചെയ്തതതിന് ശേഷം ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. സുകുമാരന്‍ നായരുടെ നിലപാടിനൊപ്പം ജനങ്ങള്‍ ഉണ്ടാകില്ല. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അത് മനസിലാകും. സമുദായ സംഘടനകള്‍ പരിധിയില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും ലേഖനത്തില്‍ പറയുന്നു.
സുകുമാരന്‍ നായരുടെ അതിരുവിട്ട പ്രതികരണങ്ങള്‍ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയമാണ്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്നു എന്നവകാശപ്പെടുന്ന സമുദായം അത് അംഗീകരിക്കാന്‍ പോകുന്നില്ല. മുന്നോക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ ഉള്‍പ്പടെ എല്ലാ സമുദായങ്ങളിലെയും പാവപ്പെട്ടവര്‍ക്ക് വേണ്ടിക്കൂടിയാണ് സിപിഎം നിലകൊള്ളുന്നത്. വര്‍ഗീയ ധ്രുവീകരണവും സാമ്പത്തിക പരിഷ്ക്കരണവും സ്വന്തം സമുദായത്തെ എങ്ങനെ ബാധിക്കുന്നു എന്ന് എന്‍എസ്‌എസ് നോക്കുന്നില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
ആര്‍എസ്‌എസിന്റെ രാഷ്ട്രീയത്തിനൊപ്പമാണ് എന്‍എസ്‌എസിന്റെ യാത്രയെന്നും വിമര്‍ശനമുണ്ട്. നായര്‍ സമുദായത്തിലെ പാവപ്പെട്ടവരുടെ താത്പര്യത്തിനെതിരാണ് സുകുമാരന്‍ നായരെ പോലുള്ള നേതാക്കളുടെ നിലപാട്, ആ നിലപാട് തെറ്റാണെന്നും വിജയരാഘവന്‍ പറഞ്ഞു. സമുദായ സംഘടനകളും ജനവിധിയും എന്ന ലേഖനത്തിലാണ് സിപിഎം ആക്ടിങ് സെക്രട്ടറി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചത്.