തൃശൂര്‍ : പ്രതിപക്ഷം സ്പീക്കറെ വ്യക്തിപരമായി ആക്രമിക്കുന്നത് ജനാധിപത്യത്തിലെ നല്ല പ്രവര്‍ത്തനരീതിയല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. പ്രതിപക്ഷ നേതാവിന് രാഷ്ട്രീയ നിരാശയാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകളില്‍നിന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സ്പീക്കര്‍ വിശദീകരണം നല്‍കിയതാണ്. സ്പീക്കര്‍ നിയമ വിധേയമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, അതല്ലാത്ത ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതേസമയം വസ്തുത സ്പീക്കര്‍ വ്യക്തമാക്കിയിരിക്കെ വീണ്ടും ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയമാന്യതക്ക് ചേര്‍ന്ന കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ വലിയ ആശ്വസവും ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വലിയ വിജയം നേടും. എന്നാല്‍ യു.ഡി.എഫിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവര്‍ അപവാദവും അസത്യവും പ്രചരിപ്പിക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ വര്‍ഗീയവത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനാവുമോ എന്ന പരിശ്രമവും യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നുണ്ട്. ബി.ജെ.പി മുതല്‍ വെല്‍ഫയര്‍ പാര്‍ട്ടി വരെയുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ് അവസരവാദപരമായി യു.ഡി.എഫ് രൂപീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.