തിരുവനന്തപുരം : വടകര എംഎല്‍എയും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെകെ രമയെ നിയമസഭയില്‍ വെച്ച് അധിക്ഷേപിച്ച് സംസാരിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയ രാഘവന്‍. എം എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും മാപ്പ് പറയേണ്ട സാഹചര്യമില്ലെന്നുമാണ് വിജയരാഘവന്‍ വിഷയത്തില്‍ പ്രതികരിച്ചത്. മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് സിപിഎം നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ നിലപാട് പറഞ്ഞതോടെ വിഷയം തീര്‍ന്നുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ വിഷയത്തില്‍ എംഎം മണിക്കൊപ്പമില്ല. പരാമര്‍ശം പാടില്ലായിരുന്നുവെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. കെ.കെ രമക്കെതിരായ പദപ്രയോഗം എം എം മണിക്ക് ഒഴിവാക്കാമായിരുന്നു. പദവി പരിഗണിച്ചെങ്കിലും മണിക്ക് അത് ചെയ്യാമായിരുന്നുവെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. എം എം മണിയുടെ പരാമര്‍ശം പറയാന്‍ പാടില്ലാത്തത് ആയിരുന്നുവെന്ന് ആ സമയം സഭയില്‍ ചെയറില്‍ ഉണ്ടായിരുന്ന സിപിഐ എംഎല്‍എ ഇ കെ വിജയന്‍ പറയുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. മണി മാപ്പു
പറയണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോഴാണ് ഇ കെ വിജയന്‍ അടുത്തുള്ള ഉദ്യോഗസ്ഥനോട് ഇക്കാര്യം പറയുന്നത്.