ചെന്നൈ : പാര്‍ക്കിങ് സ്ലോട്ട് തര്‍ക്കത്തിന്റെ പേരില്‍ മധ്യവയസ്‌കയായ വിധവയുടെ അപാര്‍ട്ട്മെന്റ് വാതിലില്‍ മൂത്രമൊഴിച്ചുവെന്നും ഉപയോഗിച്ച മാസ്‌കുകള്‍ വിലിച്ചെറിഞ്ഞുവെന്നും പരാതി. എബിവിപി ദേശീയ പ്രസിഡന്റ് ഡോ.സുബ്ബയ്യ ഷണ്‍മുഖത്തിനെതിരേയാണ് തനിച്ച് താമസിക്കുന്ന സ്ത്രീ പോലീസില്‍ പരാതി നല്‍കിയത്.
ഇരുവരും ചെന്നൈയിലെ ഒരേ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരാണ്. സ്ത്രീയുടെ അപാര്‍ട്ട്‌മെന്റിനു വേണ്ടി നീക്കിവെച്ച പാര്‍ക്കിങ് സ്‌പേസില്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്യാനുള്ള അനുമതിക്കായി ഡോ. ഷണ്‍മുഖം സമീപിച്ചിരുന്നു. ആവശ്യം അംഗീകരിച്ച അവര്‍ ചെറിയൊരു തുക പകരം ആവശ്യപ്പെട്ടു. ഇത് ഡോ. ഷണ്‍മുഖത്തിന് അതൃപ്തിയുണ്ടാക്കി. അതിനെ തുടര്‍ന്നാണ് വീട്ടിനു മുന്നില്‍ മൂത്രമൊഴിച്ചതും മാസ്‌ക് വലിച്ചെറിഞ്ഞതും.
ഇയാള്‍ക്കെതിരേ സ്ത്രീ പോലീസിനെ സമീപിച്ചെങ്കിലും ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിട്ടില്ല. ജൂലൈ 11നാണ് പോലീസില്‍ പരാതികൊടുത്തത്. മാസ്‌ക് വലിച്ചെറിയുന്നതിന്റെയും മൂത്രമൊഴിക്കുന്നതിന്റെയും സിസിടിവി ഫൂട്ടേജ് പോലീസിന് കൈമാറിയിട്ടുണ്ട്. സ്ത്രീയുടെ ബന്ധുവും അറിയപ്പെടുന്ന കൊമേഡിയനുമായ ബാലാജി വിജയരാഘവന്‍ ഈ വിവരം തന്റെ എഫ്ബി പേജില്‍ പങ്കുവെച്ചതോടെയാണ് പുറംലോകമറിയുന്നത്.
ഡോ. ഷണ്‍മുഖന്‍ കില്‍പൗക് മെഡിക്കല്‍ കോളജിലെ സര്‍ജിക്കന്‍ ഓങ്കോളജി വകുപ്പില്‍ മേധാവിയാണ്. തര്‍ക്കം ഉണ്ടായിരുന്നെന്ന കാര്യം അംഗീകരിച്ച എബിവിപി നേതൃത്വം ഫൂട്ടേജ് വ്യാജമാണെന്ന് അഭിപ്രായപ്പെട്ടു. സ്ത്രീയ്‌ക്കെതിരേ നിയമനടപടിയുണ്ടാകുമെന്ന് ഡോ. ഷണ്‍മുഖനും എബിവിപി നേതാക്കളും ഭീഷണി മുഴക്കിയെന്ന് സ്ത്രീയും വിവരം പുറത്തുവിട്ട ബാലാജി വിജയരാഘവനും പറയുന്നു. തെറ്റ് തിരുത്തി മാപ്പുപറയാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ കേസുമായി മുന്നോട്ടുപോകുമെന്നും ബാലാജി പറഞ്ഞു.