ചെന്നൈ : ചെന്നൈയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. അയനാവരം സ്വദേശി ആകാശാണു മരിച്ചത്. അബോധാവസ്ഥയിലായി ചികിത്സയിലായിരുന്നു ആകാശ്. ആകാശ് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് വിധേയനാക്കിയെന്നു കുടുംബം ആരോപിച്ചു. നാലുമാസത്തിനിടെ ചെന്നൈ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ആകാശ്.
ചെന്നൈ സിറ്റി പോലീസിന്‍റെ റൗഡി ലിസ്റ്റിലുള്ളയാളാണ് ആകാശ്. റെയില്‍വേ ജീവനക്കാരനായ ബാലകൃഷ്ണ മൂര്‍ത്തി എന്നയാളുടെ കാറിന്‍റെ ചില്ല് കഴിഞ്ഞ ദിവസം തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസിന്‍റെ അന്വേഷണത്തിനായാണ് ഓട്ടോരി പോലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ക്കുശേഷം മദ്യപിച്ചു ലക്കുകെട്ട ആകാശിനെ കൂട്ടിക്കൊണ്ടു പോകണമെന്നാവശ്യപ്പെട്ട് പോലീസ് സഹോദരിയെ വിളിപ്പിച്ചു.
അബോധാവസ്ഥയിലായിരുന്ന ആകാശിനെ വീട്ടുകാര്‍ ഉടന്‍ കില്‍പോക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആകാശ് മരിക്കുകയായിരുന്നു. കസ്റ്റഡി മര്‍ദനമാണു മരണകാരണം എന്നാരോപിച്ചു കുടുംബം പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.