നെടുങ്കണ്ടം: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്ക്. തൂക്കുപാലം അമ്ബതേക്കര്‍ ഇളപ്പുങ്കല്‍ ആഷിക് സുലൈമാനെ(25) യാണ് കാട്ടുപന്നിക്കൂട്ടം ആക്രമിച്ചത്. തൂക്കുപാലം അമ്പതേക്കര്‍ റോഡിലൂടെ ബൈക്കില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്.
കാലിനും കൈകള്‍ക്കും പരുക്കേറ്റ ആഷിക് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. കാലിന് പൊട്ടലുണ്ട്. കഴിഞ്ഞദിവസം രാവിലെ ഒമ്പതിന് ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവേ റോഡിന് കുറുകെ പന്നിക്കൂട്ടം ചാടുകയായിരുന്നു. അപ്രതീക്ഷതമായി ചാടിയ പന്നിക്കൂട്ടം വാഹനത്തില്‍ ഇടിച്ചതിനെത്തുടര്‍ന്ന് വണ്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ബോധരഹിതനായ ആഷിഖിനെ ഇതുവഴിവന്ന യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.