കൊച്ചി : എറണാകുളം കതൃക്കടവിലെ ബാറിൽ ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് കുത്തേറ്റു. പാർട്ടിയിൽ പങ്കെടുക്കുകയായിരുന്ന യുവതിയാണ് ഗ്ലാസിന്റെ ചില്ല് കൊണ്ട് തൊടുപുഴ സ്വദേശിയായ യുവാവിനെ കുത്തിയത്. തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. യുവതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. സിനിമാ താരങ്ങൾ അടക്കം പാർട്ടിയിലേക്ക് എത്തിയിരുന്നു എന്നാണ് വിവരം. യുവാവിന്റെ കഴുത്തിനാണ് കുത്തേറ്റത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. യുവാവിന്റെ പരാതിയിൽ യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ യുവാവിനെതിരെയും കേസെടുത്തേക്കും.