ഡൽഹി: ഡൽഹിയിൽ ഭാര്യസഹോദരന്റെയും സുഹൃത്തുകളുടെയും ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. 39കാരനായ രാകേഷാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 29 ന് ദക്ഷിണ ഡൽഹിയിലെ സംഗം വിഹാർ ഏരിയയിൽ വെച്ചാണ് യുവാവിന് ഭാര്യ സഹോദരന്‍റെയേും കൂട്ടുകാരുടേയും മർദ്ദനമേറ്റത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാകേഷ് കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് മരണപ്പെട്ടത്. ഭാര്യ സഹോദരനും സംഘവും രാകേഷിനെ മർദ്ദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
രാകേഷും ഭാര്യയും തമ്മിലുണ്ടായ നിസാര വഴക്കാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവ് വഴക്കിട്ടതിൽ പ്രകോപിതയായ ഭാര്യ ഉടനെ തന്നെ സഹോദരനെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സുഹൃത്തുക്കളോടൊപ്പം ഡൽഹിയിലെത്തിയ ഭാര്യസഹോദരൻ രാകേഷിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ഡൽഹി പോലീസ് പറയുന്നു. ആക്രമത്തെ തുടർന്ന് സാരമായി പരിക്കേറ്റ രാകേഷിനെ റോഡിൽ ഉപേക്ഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിലായിരുന്ന രാകേഷ് ചികിത്സയിലിരിക്കെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരിന്നു.