ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ട് ബിജെപി. പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ ദില്ലിയില്‍ താമര വരച്ചാണ് പ്രചാരണം തുടങ്ങിയത്. ഒരിക്കൽകൂടി മോദി സർക്കാർ എന്ന മുദ്രാവാക്യവുമായി പ്രചാരണം സജീവമാക്കി. ദില്ലി കരോൾബാഗിൽ താമര വരച്ച് പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ രാജ്യവ്യാപകമായി ചുവരെഴുത്ത് ക്യാംപെയിന് തുടക്കമിട്ടു. പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ ചുവരെഴുത്ത് തുടങ്ങി. അടുത്തമാസം ആദ്യം ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ നേരത്തെ തുടങ്ങിയ പ്രചാരണം വലിയ പങ്കുവഹിച്ചെന്നാണ് കേന്ദ്ര നേതൃത്ത്വത്തിന്റെ വിലയിരുത്തൽ.
വിജയ സാധ്യതയുള്ള 160 മണ്ഡലങ്ങളിൽ വോട്ടുറപ്പിക്കാനാണ് നേരത്തെ സ്ഥാനാർത്ഥികളെ ഇറക്കാനുള്ള നീക്കം. കേരളത്തിലെയും തമിഴ്നാട്ടിലെയും ചില മണ്ഡലങ്ങള്‍ ഈ പട്ടികയിലുണ്ട്. രാജ്യസഭയിൽ രണ്ടു ടേം പൂർത്തിയാക്കിയ കേന്ദ്ര മന്ത്രിമാരുൾപ്പടെ മത്സരത്തിനിറങ്ങുമെന്നാണ് സൂചന. ചില സർപ്രൈസ് സ്ഥാനാർത്ഥികളെയും പ്രതീക്ഷിക്കാം. പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നതോടെ കളം ചൂടു പിടിക്കുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നത്. മോദിയുടെ തൃപ്രയാര്‍ ശ്രീരാമക്ഷേത്ര സന്ദര്‍ശനം അയോധ്യ കേരളത്തില്‍ സജീവ ചര്‍ച്ചയാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്. പിന്നാലെ മോദിയുടെ ഗ്യാരണ്ടിയെന്ന മുദ്രാവാക്യവുമായി കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്ര ഉദ്ഘാടനത്തിനായി ജെ പി നദ്ദയും കേരളത്തിലെത്തും.