തൃശൂര്‍: കൊറിയര്‍ വഴി മുംബൈയില്‍നിന്നും രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തൃശൂര്‍ സിറ്റി പോലീസ് പിടികൂടി. മുംബൈ മുളുന്ദ് സ്വദേശി ‘കൊറിയര്‍ ദാദ’ എന്നറിയപ്പെടുന്ന യോഗേഷ് ഗണപത് റാങ്കഡെ (31) യാണ് പോലീസ് പിടിയിലായത്. മുംബൈ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയെയാണ് യോഗേഷ് ഗണപത് റാങ്കഡെ എന്നാണ് പോലീസ് വിശദമാക്കുന്നത്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഡാന്‍സാഫ് സംഘവും ഈസ്റ്റ് പോലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യോഗേഷിനെ ചോദ്യം ചെയ്തില്‍നിന്ന് കേരളം, കര്‍ണാടക, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇയാള്‍ കൊറിയര്‍ മുഖേന കഞ്ചാവ് കടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇവര്‍ക്ക് ലഹരി എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ചും ഇവരില്‍ നിന്ന് ലഹരിവസ്തുക്കള്‍ വാങ്ങി വില്‍പന നടത്തുന്നവരെക്കുറിച്ചും ഇവരുടെയും ഇയാളുമായി ബന്ധപ്പെട്ട ആളുകളുടേയും സാമ്പത്തികവിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്.