ന്യൂഡല്‍ഹി : കേരളത്തിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് എസ്ഡിപിഐയും ബിജെപിയും നടത്തുന്നതെന്ന് ഡിവൈഎഫ് ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം. ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. അതാത് സമുദായങ്ങൾ ഇത്തരക്കാരെ ഒറ്റപ്പെടുത്താൻ നടപടി എടുക്കണമെന്നും റഹീം ആവശ്യപ്പെട്ടു. അക്രമങ്ങൾ തടയുന്നതിൽ പോലീസിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ന്യായീകരിച്ച റഹീം കേരളത്തെ നടുക്കി മണിക്കൂറുകൾക്കിടെയുണ്ടായ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ പോലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പറഞ്ഞു.
പോലീസിന്റെ പ്രവർത്തനം ശ്ലാഘനീയമാണെന്ന നിലപാടിലാണ് റഹീം. മുൻ കേസുകളിൽ പോലീസ് സമർത്ഥമായി അന്വേഷണം നടത്തുന്നുണ്ടെന്നും റഹീം ചൂണ്ടിക്കാട്ടി. കൊലപാതകത്തിൽ രാഷ്ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നേരിടണം. പോപ്പുലർ ഫ്രണ്ടിനെ വളർത്തുന്നതിൽ കേന്ദ്ര സർക്കാരിന് പങ്ക്, മാപ്പ് അർഹിക്കാത്ത നിസംഗത ഉണ്ടായി. ഇഡി റെയിഡിലും കാലതാമസം ഉണ്ടായി. എജൻസികൾ തമ്മിൽ എകോപനമില്ലെന്നും റഹീം കുറ്റപ്പെടുത്തി.