തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഡല്‍ഹിയില്‍ നിന്ന് തിരിച്ച് കേരളത്തിലേക്ക് വണ്ടികയറിയത് ബി.ജെ.പിയുടെ അംബാസഡറായിട്ടാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മാറാട് കേസിലെ സി.ബി.ഐ അന്വേഷണം, ഐസ്ക്രീം കേസിലെ രണ്ട് പെണ്‍കുട്ടികളുടെ മരണം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയെല്ലാം ലീഗിന് എതിരാണ്. ഈ കേസുകള്‍ കാണിച്ച് ബി.െജ.പി കുഞ്ഞാലിക്കുട്ടിയെ ബ്ലാക്മെയില്‍ ചെയ്ത് തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തി പ്രതിനിധിയായി കേരളത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ബി.ജെ.പിയല്ല, സി.പി.എമ്മാണ് മുഖ്യശത്രു എന്ന് അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചത്.
സ്വര്‍ണക്കടത്ത് മുസ്ലിം ലീഗിന്റെ ദേശീയ വിനോദമാണ്. നിരവധി ലീഗ് നേതാക്കള്‍ സ്വര്‍ണക്കടത്ത് കേസുകളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മുസ്ലിം ലീഗിന്റെയും നേതാക്കളുടെയും സ്വര്‍ണക്കടത്ത് പുതിയ സാഹചര്യത്തില്‍ അതീവ പ്രതിസന്ധിയിലാണ്.
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം നേരായ വഴിക്ക് പോകണമെന്ന് കുഞ്ഞാലിക്കുട്ടിക്ക് താല്‍പ്പര്യമില്ല. തന്റെയും പാര്‍ട്ടിയുടെയും സാമ്പത്തിക സ്രോതസ്സിലേക്ക് അന്വേഷണം പോകുമെന്ന ആശങ്കയുണ്ട് അദ്ദേഹത്തിന്. ഈ ആശങ്കയുടെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ സമരനാടകങ്ങള്‍ നടക്കുന്നത്. കേരളത്തിന്റെ സമരചരിത്രങ്ങള്‍ക്ക് അപമനമാകുന്ന വിധം മഷിക്കുപ്പി സമരമാണ് അരങ്ങേറുന്നത്. ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത അക്രമമാണ് കോണ്‍ഗ്രസും ലീഗും പ്രാവര്‍ത്തികമാക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.