കൊച്ചി : തൃക്കാക്കരയില്‍ യുഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തിയതിനു പിന്നാലെ കോണ്‍ഗ്രസില്‍ നിന്നും മറുകണ്ടം ചാടി സി പി എമിലെത്തിയ കെ വി തോമസിനെതിരെ കോലം കത്തിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി പി എം നേതാവ് എ എ റഹിം എംപി. തോമസിനെ പോലെ ഒരു തലമുതിര്‍ന്ന നേതാവിനെ വംശീയമായി അധിക്ഷേപിക്കുകയാണ് കോണ്‍ഗ്രസ് അണികള്‍ ചെയ്യുന്നതെന്നും ഒരു നേതാവ് പോലും ഇതിനെ തള്ളിപ്പറയാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും റഹിം തുറന്നടിച്ചു.
റഹിമിന്റെ വാക്കുകളിങ്ങനെ:
‘കെ വി തോമസിനെ നിങ്ങള്‍ക്ക് രാഷ്ട്രീയമായി നേരിടാം. പക്ഷേ എറണാകുളം പട്ടണത്തിലൂടെ അദ്ദേഹത്തിനെ വംശീയാധിക്ഷേപം നടത്തുന്ന രീതിയില്‍ തിരുത മീനുമായി പ്രകടനം നടത്തുകയാണ്. വംശീയാധിക്ഷേപം നടത്താനുള്ള ലൈസന്‍സാണ് തൃക്കാക്കരയിലെ വിജയമെന്ന് കോണ്‍ഗ്രസുകാര്‍ ആരും തെറ്റിദ്ധരിക്കരുത്. തെരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റി’ എന്നും റഹിം പറഞ്ഞു. ഇത് തള്ളിപ്പറയാന്‍ നേതാക്കള്‍ പോലും തയാറായില്ലെന്നും റഹിം ചൂണ്ടിക്കാട്ടി.