വള്ളികുന്നം : ഇടപാടുകാരിയുടെ ആധാര്‍ കാര്‍ഡ് അനുമതിയില്ലാതെ ഉപയോഗിച്ച് ബാങ്കില്‍ സ്വര്‍ണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിലായി. വള്ളികുന്നം കാമ്പിശ്ശേരി ജംഗ്ഷനില്‍ സ്ഥാപനം നടത്തുന്ന കാമ്പിശ്ശേരിയില്‍ വീട്ടില്‍ കെ.വിജയനാണ് (74) മുന്‍കൂര്‍ ജാമ്യത്തിന് ജില്ല സെഷന്‍സ് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം വള്ളികുന്നം പോലീസില്‍ കീഴടങ്ങിയത്. കായംകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ വിജയന് 50000 രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലും ജാമ്യം അനുവദിച്ചു.
കടുവിനാല്‍ താളീരാടി കോതകരക്കുറ്റിയില്‍ കോളനി എസ്.ആര്‍.അഞ്ജു ജില്ല പോലീസ് മേധാവിയ്ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു വിജയനെതിരെ കേസെടുത്തത്. അഞ്ജു ഒരു പവന്റെ മാല 30,000 രൂപയ്ക്ക് വിജയന്റെ സ്ഥാപനത്തില്‍ പണയം വച്ചിരുന്നു. കുറച്ചു നാളുകള്‍ക്ക് ശേഷം 1,57,252 രൂപയുടെ പണയം തിരിച്ചെടുക്കുകയോ പുതുക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് സിറിയന്‍ ബാങ്ക് ചൂനാട് ശാഖയില്‍ നിന്ന് അഞ്ജുവിന് നോട്ടീസ് ലഭിച്ചു. ഇങ്ങനെ ഒരു പണയഇടപാട് തന്റെ പേരില്‍ ഇല്ലെന്ന് അറിയിക്കാന്‍ അഞ്ജു ബാങ്കില്‍ എത്തിയപ്പോഴാണ് തന്റെ ആധാര്‍ ഉപയോഗിച്ച് പലതവണയായി സ്വര്‍ണം പണയം വച്ച് ലക്ഷക്കണക്കിന് രൂപ വിജയന്‍ വാങ്ങിയിട്ടുള്ളതായറിഞ്ഞത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് വിജയനും ബാങ്കിനും എതിരെ നടപടി ആവശ്യപ്പെട്ട് അഞ്ജു ജില്ല പോലീസ് മേധാവിയ്ക്ക് പരാതി നല്‍കുകയായിരുന്നു.