അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല, അയോധ്യയിലെ അനുബന്ധ നിർമാണങ്ങളിലും അടിമുടി ക്രമക്കേട്. അയോധ്യയെ ലോകോത്തര തീർഥാടനകേന്ദ്രമാക്കുന്നതിനുള്ള വികസനപ്രവർത്തനങ്ങളിൽ പലതും ലക്ഷ്യത്തിലെത്തിയില്ല. ഇതിന്റെ ഉദാഹരണമാണ് ക്ഷേത്രത്തിനു മുൻവശത്ത് ഏക്കറുകണക്കിനു സ്ഥലത്ത് കെട്ടിനിൽക്കുന്ന മലിനജലം. ഈച്ചയും എലിയും കുരങ്ങും നായ്ക്കളും വിഹരിക്കുന്ന ഇതിനു ചുറ്റും ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകൾ കാണാം. 13 കിലോമീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് അയോധ്യയിലേക്കുള്ള പാതയായ ‘രാംപഥ്’ വിഭാവനം ചെയ്തത്. കാലങ്ങളായി കച്ചവടം ചെയ്തിരുന്നവരെപ്പോലും ഒഴിപ്പിച്ച് റോഡിന്റെ വീതികൂട്ടി. കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
എന്നിട്ടും രാംപഥിൽ ഇ–കാർട്ടുകൾ കുരുങ്ങിക്കിടക്കുന്നു. റോഡ് കയ്യേറി നിർമാണങ്ങൾ നടക്കുന്നു എന്നു മാത്രമല്ല, പാതിപൊളിച്ച കെട്ടിടങ്ങളും ‘വികസിച്ചു’. ഒരിഞ്ച് വ്യത്യാസത്തിൽ ചുമരുകൾ ഉയർന്നതോടെ വെള്ളമൊഴുകാനുള്ള വഴികൾ അടഞ്ഞു. ഹോട്ടലുകളിൽനിന്നും ലോഡ്ജുകളിൽ നിന്നുമുള്ള മലിനജലം പലയിടത്തും കെട്ടിക്കിടക്കുന്നു. സൗന്ദര്യവൽക്കരണത്തിനു കോടികൾ മുടക്കിയ സരയൂനദിയുടെ തീരവും പരിസരങ്ങളും പോലും വൃത്തിഹീനമായ സ്ഥിതിയിലാണ്. റോഡും നടപ്പാതയും കയ്യേറി കച്ചവടസ്ഥാപനങ്ങൾ നിറഞ്ഞു. കാൽനടയാത്രപോലും തടസ്സപ്പെടുത്തുന്ന വിധത്തിലാണു പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
കൃത്യമായ ആസൂത്രണത്തോടെ വികസിപ്പിക്കാമായിരുന്ന നഗരമാണ് രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി 3 വർഷമാകുംമുൻപേ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയിലെത്തിയത്. കേന്ദ്ര സർക്കാർ രൂപം നൽകിയ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റും അയോധ്യയുടെയും ഫൈസാബാദിന്റെയും വികസനം ലക്ഷ്യമിട്ട് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച അയോധ്യ വികസന അതോറിറ്റിയും ബിജെപി ഭരിക്കുന്ന അയോധ്യ മുനിസിപ്പൽ കോർപറേഷനും ഇക്കാര്യത്തിൽ ഒരുപോലെ പരാജയപ്പെട്ടു.






























