ആലപ്പുഴ : സോഷ്യല്‍ മീഡിയയില്‍ കൂടി വ്യാജ വാര്‍ത്തകളും അപവാദ പ്രചാരണങ്ങളും നടത്തുന്നതിനെതിരെ ക്രിസ്തീയ ചാനലായ അബ്ബാ ന്യൂസ് നിയമനടപടി സ്വീകരിച്ചു. ഇത് സംബന്ധിച്ച പരാതി കുവൈറ്റ് എംബസ്സി മുഖേന ആലപ്പുഴ ജില്ലാ പോലീസിന് നല്‍കിയതായി അബ്ബാ ന്യൂസ് ഡയറക്ടര്‍മാര്‍ അറിയിച്ചു.
രണ്ടു വർഷങ്ങൾക്കു മുമ്പും ഇത്തരം ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും അന്ന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും എന്നാല്‍ വീണ്ടും ഇപ്പോള്‍ അപകീര്‍ത്തികരമായ മെസ്സേജുകള്‍ വാട്സ് അപ്പില്‍ കൂടി ഷെയര്‍ ചെയ്യപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. സമാന രീതിയില്‍ ക്രിസ്തീയ ചാനല്‍ പ്രവര്‍ത്തിപ്പിക്കുന്നവരോ വിദേശത്ത് ജോലിയിലുള്ളവരോ ആണ് വാട്സ് ആപ്പ് മെസ്സേജുകള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അബ്ബാ ന്യൂസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഷെയര്‍ ചെയ്യുന്നത് കൂടുതലും ക്രിസ്ത്യന്‍ ഗ്രൂപ്പുകളിലേക്കാണ്. മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്ന ഗ്രൂപ്പുകള്‍ സൈബര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആണെന്നും കുറ്റവാളികളെ എത്രയുംവേഗം കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും അബ്ബാ ന്യൂസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
അബ്ബാ ന്യൂസിനെതിരെയും അതിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും നടക്കുന്ന ഹീനമായ ശ്രമങ്ങളില്‍ കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു. വിദേശത്തിരുന്നുകൊണ്ട് ആര്‍ക്കെതിരെയും എത്തും എഴുതിവിടാമെന്ന് ആരും കരുതേണ്ടതില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ സൈബര്‍ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. നാട്ടിലുള്ളവര്‍ മാന്യമായി പ്രതികരിക്കുമ്പോള്‍ മറുനാട്ടില്‍ ജോലിചെയ്യുന്നവര്‍ തങ്ങള്‍ ഇന്ത്യന്‍ നിയമത്തിന് അപ്പുറത്താണെന്ന തോന്നലിലാണ് പലപ്പോഴും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ശക്തമായ നിയമനടപടിയുമായി നീങ്ങിയാല്‍ കയ്യില്‍ വിലങ്ങു വീഴുവാന്‍ ഏറെ താമസമുണ്ടാവില്ലെന്നും ജില്ലാ ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. അബ്ബാ ന്യൂസിനും അതിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി കേരളാ പത്രപ്രവര്‍ത്തക അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അന്‍സാരി മന്ദിരം, ജനറല്‍ സെക്രട്ടറി പ്രകാശ് ഇഞ്ചത്താനം, ട്രഷറര്‍ സജീര്‍ എന്നിവര്‍ അറിയിച്ചു.